ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയിൽ. ഹരിയാണയിലെ ഫരീദാബാദില്‍നിന്നും പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കോട്ടയം മണിമല ഏറത്തുവടകര തോട്ടപ്പള്ളി കോളനിയില്‍ കഴുനാടിയില്‍ താഴേവീട്ടില്‍ കാളിദാസ് എസ്. കുമാര്‍ (23) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. ആറുമാസമായി പ്രതി ഒളിവിലായിരുന്നു.
ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് വീട്ടിലും മറ്റ് സ്ഥലങ്ങളിലുമായി എത്തിച്ച് ഒന്നര വർഷക്കാലത്തോളം പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ വീട്ടുകാർ സ്വകാര്യ കൗൺസിലിംഗ് കേന്ദ്രത്തിൽ എത്തിച്ചു. അങ്ങനെയാണ് പീഡന വിവരം കുട്ടി തുറന്നുപറഞ്ഞത്. തുടർന്ന് സിഡബ്ല്യുസിയെ വിവരം അറിയിച്ചു. പോക്സോ കേസെടുത്തതോടെ പ്രതി കാളിദാസ് മുങ്ങി. സിം കാർഡുകൾ മാറിമാറി ഉപയോഗിച്ചു വന്നിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.