തൊടുപുഴ ബിജു ജോസഫ് കൊലപാതക കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. ഒന്നാംപ്രതി ജോമോന്റെ വീട്ടിലും ഗോഡൗണിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.
രണ്ടാം പ്രതിയായ ആഷിക് ജോൺസനെ ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമാണ് നാലു പ്രതികളുമായും പൊലീസ് സംഘം ഒരുമിച്ച് തെളിവെടുപ്പ് നടത്തിയത്. മർദനമേറ്റ് അവശനിലയിലായ ബിജുവിനെ ആദ്യമെത്തിച്ചത് ജോമോൻ്റെ വീട്ടിലെന്ന് പൊലീസ് പറഞ്ഞു. മരിച്ചെന്ന് ഉറപ്പാക്കാൻ ദേഹ പരിശോധന നടത്തി. ഇതിന് ശേഷമാണ് മൃതദേഹം ഗോഡൗണിലേക്ക് മാറ്റിയത്.
മൃതദേഹമെത്തിച്ചത് ജോമോൻ, മുഹമ്മദ് അസ്ലം, ആഷിഖ് ജോൺസൺ എന്നിവരാണ്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറൻസിക്, വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി.
കസ്റ്റഡി കാലാവധി അവസാനിച്ച ജോമോൻ, ജോമിൻ, മുഹമ്മദ് അസ്ലം എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. അഞ്ചു ദിവസത്തേക്കാണ് ആഷിക്കിനെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയത്. കേസിലെ നിർണായക തെളിവായ ആഷിക് ജോൺസൺ ബിജുവിനെ കുത്താൻ ഉപയോഗിച്ച് കത്തി ഇന്നലെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കയ്യിലും കാലിലും ബിജുവിനെ കുത്തി മുറിവേൽപ്പിച്ചു എന്ന് ആഷിക് മൊഴി നൽകിയിരുന്നു.