അർജന്റീനിയൻ ഫുട്ബോൾ താരം മറഡോണയുടെ മരണം സംബന്ധിച്ച് ചർച്ചകൾ വീണ്ടും സജീവം. മരിക്കുന്നതിനു 12 മണിക്കൂർ മുൻപ് തന്നെ ഡീഗോ മറഡോണ കടുത്ത ശാരീരിക യാതനകൾ അനുഭവിച്ചിരുന്നതായാണ് കോടതിയിൽ ഫൊറൻസിക് വിദഗ്ധൻ നൽകിയ മൊഴി. ഇതാണ് ചൂടുപിടിച്ച പുതിയ ചർച്ചകൾക്ക് പിന്നിൽ.
ഫുട്ബോൾ ഇതിഹാസത്തിന്റെ മരണത്തിൽ ഡോക്ടർമാരടക്കമുള്ള ഏഴംഗ മെഡിക്കൽ സംഘത്തിനു വീഴ്ചയുണ്ടായെന്ന കേസിലെ വിചാരണയിലാണ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫൊറൻസിക് ഡോക്ടർ കാർലോസ് കാസിനെല്ലി ഇക്കാര്യം വ്യക്തമാക്കിയത്.
മറഡോണയുടെ ഹൃദയം പൂർണമായി കൊഴുപ്പുകൊണ്ടു പൊതിയപ്പെട്ട നിലയിലായിരുന്നു. രക്തവും കട്ടപിടിച്ചു. ഏതൊരു ഡോക്ടർക്കും ദിവസങ്ങൾക്കു മുൻപു തന്നെ മറഡോണയുടെ രോഗ ലക്ഷണങ്ങൾ തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പാക്കാനും കഴിയുമായിരുന്നു. കാസിനെല്ലി പറഞ്ഞു.
2020 നവംബർ 25നാണ് മറോഡണ മരിച്ചത്. തലച്ചോറിലെ ശസ്ത്രക്രിയയ്ക്കു ശേഷം സ്വന്തം വീട്ടിൽ തന്നെയാണ് അദ്ദേഹത്തിന്റെ തുടർ ചികിത്സയും പരിചരണവും നടന്നത്. ഹൃദയാഘാതവും ശ്വാസകോശത്തിലെ നീർക്കെട്ടുമാണ് മരണ കാരണമായി കണ്ടെത്തിയത്.
content highlight: Diego Maradona