ഡൽഹി: മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എംപുരാനെതിരെ ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ഹിന്ദുവിരുദ്ധ അജണ്ടയാണ് മോഹൻലാൽ ചിത്രം എംപുരാനിൽ മുഖപത്രം ആരോപിക്കുന്നു. ചിത്രത്തിൽ 2002 ലെ കലാപത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നുണ്ട്.
പൃഥ്വിരാജ് രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കിയത്. മോഹൻലാലിൻ്റെ വേഷം ആരാധകരെ ചതിക്കുന്നതാണ്. ഹിന്ദു വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ സിനിമയാണ് പൃഥ്വിരാജ് നിർമിച്ചതെന്നും ഓർഗനൈസറിൽ പറയുന്നു. 2002-ലെ ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ കുറ്റവാളികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചിട്ടുണ്ടെന്ന കാര്യം മറക്കരുത്. അതേസമയം കലാപത്തെ ഒരു ഉപകരണമായി ഉപയോഗിക്കാനുള്ള കോൺഗ്രസിന്റെ രാഷ്ട്രീയ അജണ്ട ഇന്ത്യയിലെ ജനങ്ങൾ പലതവണ നിരാകരിച്ചിട്ടുണ്ടെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി. പക്ഷേ, മോഹൻലാലിനെപ്പോലുള്ള അനുഭവസമ്പത്തുള്ള നടൻ സമൂഹങ്ങൾക്കിടയിൽ വിദ്വേഷം മാത്രം വളർത്തുന്ന കഥ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നതിൽ ദുരൂഹതയുണ്ട്.
പൃഥ്വിരാജിന്റെ രാഷ്ട്രീയം പലപ്പോഴും വ്യക്തമായിട്ടുള്ളതാണ്. എംപുരാനിൽ ആ ചായ്വുകൾ വളരെ സൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിലെ ഓരോ രംഗങ്ങളും മനുഷ്യമനസിനെ അസ്വസ്ഥമാക്കുന്നു. ഇതിൽ ഹിന്ദു പുരുഷന്മാർ ഒരു മുസ്ലിം കുട്ടിയെ നിഷ്കരുണം മർദിക്കുന്നതും ഗർഭിണിയായ ഒരു മുസ്ലിം സ്ത്രീക്കെതിരെ ഭീകരമായ അക്രമം നടത്തുന്നതും ഉൾപ്പെടുന്നു. ഈ രംഗങ്ങൾ അത്യന്തം ഭീതികരവും ഞെട്ടിപ്പിക്കുന്നതുമാണെന്നും ഓര്‍ഗനൈസര്‍ പറയുന്നു.