Sports

കളിയിൽ നടന്നത് അവിടെ തീരും; ഗ്രൗണ്ടിലുണ്ടായ തർക്കത്തിൽ സായ് കിഷോർ പ്രതികരിക്കുന്നു | Sai Kishor

മുംബൈയുടെ ബാറ്റിങ്ങിന്റെ 15-ാം ഓവറിലാണ് സംഭവം

ഹാർദിക് പാണ്ഡ്യയുമായി ഗ്രൗണ്ടിൽ നടത്തിയ തർക്കത്തിൽ പ്രതികരണവുമായി സായ് കിഷോർ. പാണ്ഡ്യയും ഞാനും വളരെ അടുത്ത സുഹൃത്തുക്കളാണെന്നും കളിയിലുണ്ടാകുന്നത് കളിയിൽ തന്നെ അവസാനിക്കുമെന്നും സായ് പറഞ്ഞു.

ഗ്രൗണ്ടിൽ നടന്ന തർക്കത്തിന് ശേഷം ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നുവെന്നും സ്പോർട്സ്മാൻ സ്പിരിറ്റോടെ മാത്രമേ ഇതിനെ ഞങ്ങൾ കാണുന്നുള്ളുവെന്നും സായ് പറഞ്ഞു. മുംബൈ ഇന്ത്യൻസ്-ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിൽ കളിക്കളത്തിൽ സഹതാരങ്ങളായ ആർ സായ് കിഷോറും ഹാർദിക് പാണ്ഡ്യയും പരസ്പരം ഏറ്റുമുട്ടിയിരുന്നു. മുംബൈയുടെ ബാറ്റിങ്ങിന്റെ 15-ാം ഓവറിലാണ് സംഭവം. കളിയിൽ മുംബൈയും ഹാർദിക് പാണ്ഡ്യയും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സമയം കൂടിയായിരുന്നു അത്.

ഒരു മികച്ച ഡെലിവെറിക്ക് ശേഷം സായ് കിഷോർ പാണ്ഡ്യയെ നോക്കി, ഗുജറാത്ത് ടൈറ്റൻസിന്റെ മുൻ ക്യാപ്റ്റനായ ഹാർദിക് പിന്മാറിയില്ല, ബോളറെ തുറിച്ചുനോക്കുകയും രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. സായ് അതിന് സ്വന്തം വാക്കുകളിൽ തിരിച്ചടിക്കുകയും ചെയ്തു, അപ്പോഴേക്കും ഫീൽഡ് അംപയർമാർ ഇടപെട്ട് കളിക്കാരെ വേർപെടുത്തേണ്ടിവന്നു.

ഏതായാലും പാണ്ഡ്യ നിരാശാജനകമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഗുജറാത്തിന്റെ 196 റൺസ് പിന്തുടർന്ന മുംബൈയുടെ ബാറ്റിങ്ങ് ഇന്നിങ്സിൽ മുംബൈ ക്യാപ്റ്റൻ 17 പന്തിൽ നിന്ന് 11 റൺസ് മാത്രമാണ് നേടിയിരുന്നത്. മുംബൈയ്ക്ക് വേണ്ടി ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മാത്രമാണ് തിളങ്ങിയത്. താരം വെറും 28 പന്തിൽ നിന്ന് 48 റൺസ് നേടി.