പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറിയുടെ ഭീഷണി നേരിട്ട നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ് ജോർജ് ഇന്ന് മുതൽ തിരികെ ജോലിയിൽ പ്രവേശിക്കും. നാരങ്ങാനം വില്ലേജ് ഓഫീസിൽ തന്നെയായിരിക്കും അദ്ദേഹം തിരികെ എത്തുക.
സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജുവുമായുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർത്തതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം തിരികെ കയറുന്നത്. പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന് എം വി സഞ്ജു അറിയിക്കുകയും ചെയ്തു. നികുതി കുടിശ്ശിക അടയ്ക്കാമെന്നും ഏരിയാ സെക്രട്ടറി അറിയിച്ചെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു.
നികുതി കുടിശ്ശിക ചോദിച്ചതിന് ഓഫീസിൽ കയറി വെട്ടുമെന്ന ഏരിയാ സെക്രട്ടറിയുടെ ഭീഷണി വിവാദമായിരുന്നു. ഭീഷണിക്ക് പിന്നാലെ വില്ലേജ് ഓഫീസർ ജോസഫ് ജോർജ് അവധിയിൽ പ്രവേശിച്ചിരുന്നു. ഉദ്യോഗസ്ഥൻ കൈക്കൂലിക്കാരനാണ് എന്നായിരുന്നു സിപിഐഎം ആരോപണം.