പത്തനംതിട്ട: വലഞ്ചുഴിയില്‍ പതിനാലുകാരി ആവണി ആറ്റില്‍ചാടി മരിച്ച സംഭവത്തില്‍ അയല്‍വാസി ശരത്തിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം. ലഹരിമരുന്നിന് അടിമയായ ശരത് മകളെ ശല്യം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം പൊലീസില്‍ അറിയിച്ചെന്നും ആവണിയുടെ പിതാവ് വി വി പ്രകാശന്‍ പറഞ്ഞു. ശരത് തന്നെ മര്‍ദ്ദിക്കുന്നത് കണ്ടാണ് ആവണി ആറ്റില്‍ ചാടിയതെന്നും പിതാവ്.
താന്‍ വന്നപ്പോള്‍ മകളെ ചീത്ത വിളിക്കുന്നതാണ് കണ്ടത്. ഞാന്‍ അവനെ അടിച്ചു. ശേഷം അവന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. പിന്നാലെയാണ് ആവണി വെള്ളത്തിലേക്ക് ചാടിയത്. മദ്യവും മയക്കുമരുന്നും ഉള്‍പ്പടെ ഉപയോഗിക്കുന്നയാളാണ് ശരത് – അദ്ദേഹം വ്യക്തമാക്കി. മുന്‍പും ആവണിയെ ശരത് ശല്യം ചെയ്തിരുന്നുവെന്ന് പിതാവ് പ്രകാശന്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പ് ഇത്തരത്തില്‍ ശല്യം ചെയ്തപ്പോള്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് ഇടപെട്ട് പറഞ്ഞ് വിലക്കി അവസാനിപ്പിക്കുകയുമായിരുന്നുവെന്നും തന്നെയും മകനെയും ശരത്തും കൂടെയുണ്ടായിരുന്നവരും മര്‍ദിച്ചുവെന്നും പ്രകാശന്‍ പറഞ്ഞു.
അസ്വാഭാവിക മരണത്തിന് കഴിഞ്ഞ രാത്രി തന്നെ കേസെടുത്തിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഒന്‍പതാം ക്ലാസുകാരിയാണ് ആവണി. വലഞ്ചുഴി ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം ഉത്സവം കാണാന്‍ എത്തിയതായിരുന്നു. അതിനിടെ ആവണിയുടെ പേര് പറഞ്ഞ് സോഹദനെയും പിതാവിനെയും ശരത് മര്‍ദിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് ആവണി അച്ഛന്‍കോവിലാറ്റിലേക്ക് ചാടിയത്. കേസില്‍ പിടിയിലായ ശരത്തിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.