കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ സിപിഎം എംപിമാര്‍ പങ്കെടുക്കണമെന്ന് നിർദ്ദേശം നൽകി സിപിഎം. ബുധനാഴ്ചയാണ് വഖഫ് ഭേദഗതി ബില്‍ ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നാല് എംപിമാരോടും നിര്‍ദേശം നല്‍കിയതായി പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സ്ഥിരീകരിച്ചു.
ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യണമെന്നാണ് എംപിമാര്‍ക്ക് പാര്‍ട്ടി നല്കിയ നിര്‍ദേശം. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ കെ. രാധാകൃഷ്ണന്റെ കത്ത് പുറത്തുവന്നതോടെയാണ് വഖഫ് ബില്ലിനെ എതിര്‍ത്ത് സംസാരിക്കാന്‍ സിപിഎം പ്രതിനിധികള്‍ ഉണ്ടാവില്ലെന്ന വിവരം പ്രചരിച്ചിരുന്നത്. കെ. രാധാകൃഷ്ണൻ, അമ്ര റാം, എസ്. വെങ്കിടേശന്, ആര്. സച്ചിദാനന്ദം എന്നീ എംപിമാരാണ് ലോക്സഭയില്‍ സിപിഎമ്മിനുള്ളത്.
മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടതിനാല്‍ അടുത്ത നാലുദിവസം സിപിഎം എംപിമാര്‍ ലോക്സഭയില്‍ എത്തില്ലെന്ന് കാണിച്ച് കെ. രാധാകൃഷ്ണന് എംപി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തുനല്‍കിയിരുന്നു.
STORY HIGHLIGHT: cpm to oppose waqf