ചെന്നൈ: കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ താല്‍പ്പര്യങ്ങള്‍ക്കായി സിപിഎം സ്വന്തം താല്‍പ്പര്യങ്ങള്‍ ത്യജിക്കുന്നതിനെതിരെ പാര്‍ട്ടി കോണ്‍ഗ്രസില്‍ മുന്നറിയിപ്പ്. ഇന്ത്യ സഖ്യത്തോടുള്ള സിപിഎമ്മിന്റെ ഇനിയുള്ള സമീപനങ്ങളില്‍ മാറ്റമുണ്ടായേക്കുമെന്ന സൂചനയാണ് മധുരയില്‍ 24-ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍നിന്ന് വരുന്നത്.
പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ തന്നെ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടില്‍ പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് അടിവരയിട്ട് പറഞ്ഞത്. ഇന്ത്യാ ബ്ലോക്കിനെ സജീവമായി നിലനിര്‍ത്തുന്നതിലും അതിന്റെ പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസിനും ഒരു പങ്കു വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ സിപിഎമ്മിന്റെ സ്വതന്ത്ര സ്വാധീനം തകര്‍ക്കരുത്. ചില അവസരങ്ങളില്‍, മത്സരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും പ്രതിപക്ഷത്തെ മറ്റുള്ളവരെ പിന്തുണച്ച് തങ്ങള്‍ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബൂര്‍ഷ്വാ പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാട് നമ്മുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്.
അതിനാല്‍, സ്വന്തം താല്‍പ്പര്യങ്ങള്‍ ത്യജിച്ചുകൊണ്ട് സിപിഎമ്മിന് ഇന്ത്യാ സഖ്യത്തിനൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കേരളത്തില്‍ പാര്‍ട്ടിയുടെ ശക്തി നിലനിര്‍ത്തേണ്ടതിന്റെയും ഇടതു സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ തുടരേണ്ടതിന്റെയും ആവശ്യകത പ്രകാശ് കാരാട്ട് പറഞ്ഞു.