India

‘വഖഫ് ബിൽ സാമൂഹിക-സാമ്പത്തികനീതി, സുതാര്യത എന്നിവ ഉറപ്പാക്കാൻ’; അരികുവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദം നൽകും; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ ഡൽഹി: പാർലമെന്റിൽ വഖഫ് ഭേദഗതി ബിൽ പാസാക്കിയത് നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നടപടി മുസ്ലീം സമുദായത്തിലെ അരികുവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദം നൽകുകയും വഖഫ് സ്വത്തുക്കളുടെ മാനേജ്‌മെന്റിൽ സുതാര്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്തി ചൂണ്ടിക്കാട്ടി. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അർധരാത്രി വരെ നീണ്ടുനിന്ന മാരത്തൺ ചർച്ചകൾക്ക് ഒടുവിലാണ് ബിൽ ഇരുസഭകളിലും പാസാക്കിയത്.

പാർലമെന്ററി കമ്മിറ്റി ചർച്ചകളിൽ പങ്കെടുത്ത് നിയമനിർമ്മാണം ശക്തിപ്പെടുത്തുന്നതിന് സംഭാവനകൾ നൽകിയ എല്ലാ പാർലമെന്റ് അംഗങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. പാർലമെന്ററി കമ്മിറ്റിക്ക് വിലപ്പെട്ട അഭിപ്രായങ്ങൾ നൽകിയവർക്കും നന്ദി അറിയിച്ചു. വഖഫ് നിയമഭേദഗതി ബിൽ സുതാര്യത വർദ്ധിപ്പിക്കുകയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

“സാമൂഹിക-സാമ്പത്തിക നീതി, സുതാര്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയ്‌ക്കായുള്ള നമ്മുടെ കൂട്ടായ പ്രവർത്തനങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളും വഖഫ് ഭേദഗതി ബിൽ പാസാക്കിയത് ഒരു നിർണായക നിമിഷമാണ്. പ്രത്യേകിച്ചും, വളരെക്കാലമായി പിന്നാക്കം നിൽക്കുന്ന, ശബ്ദവും അവസരവും നിഷേധിക്കപ്പെട്ടവരെ ഇത് സഹായിക്കും. വിപുലമായ ചർച്ചയുടെ പ്രാധാന്യം ഒരിക്കൽകൂടി ഊട്ടിയുറപ്പിക്കപ്പെട്ടു. പതിറ്റാണ്ടുകളായി വഖഫ് സംവിധാനം ഉത്തരവാദിത്വത്തിന്‍റേയും സുതാര്യതയുടെയും അഭാവത്തിന്‍റെ പര്യായമായിരുന്നു. പുതിയ നിയമം സുതാര്യതയും ജനങ്ങളുടെ അവകാശവും ഉറപ്പാക്കും,” ബിംസ്റ്റെക് ഉച്ചകോടിക്കായി തായ്‌ലൻഡ് സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

ഇന്നലെയാണ് ബിൽ രാജ്യസഭയിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിക്കുകയും 95 പേർ എതിർക്കുകയും ചെയ്തു. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും. 11 മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷമാണ് ബിൽ ലോക്സഭയിൽ പാസാക്കിയത്. 288 പേർ ബില്ലിനെ അനുകൂലിച്ചു. 232 പേർ എതിർത്തു.