ഷെന്‍ഷെന്‍ എയര്‍ലൈന്‍സ് വിമാനത്തിൽ യാത്രക്കാരികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാൻ എത്തിയ വനിതാ ക്രൂ അംഗത്തിന് കടിയേറ്റു. ഇരുവരും തമ്മില്‍ ശരീരഗന്ധത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഒരേ നിരയിലുള്ള, തൊട്ടടുത്ത സീറ്റുകളിലാണ് ഇരുവരും ഇരുന്നിരുന്നത്. ഇവരെ ശാന്തരാക്കാൻ ശ്രമിക്കുന്നതിനിടെയാണ് വനിതാ ക്രൂ അംഗത്തിന് കടിയേറ്റത്.
ഷെന്‍ഷെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഷാങ്ഹായി ഹോങ്ക്വിയാവോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. ഒരു യാത്രക്കാരി മറ്റേ യാത്രക്കാരിയുടെ ശരീരഗന്ധം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് പറഞ്ഞു. ഇതിന് പിന്നാലെ പരാതിയുന്നയിച്ച യാത്രക്കാരിയുടെ പെര്‍ഫ്യൂമിന്റെ ഗന്ധം തനിക്കും അസ്വസ്ഥതയുണ്ടാക്കുന്നെന്ന് മറ്റേ യാത്രക്കാരിയും പറഞ്ഞു.
തുടർന്നുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഇവരെ ശാന്തരാക്കാൻ മറ്റ് യാത്രക്കാരും ക്രൂ അംഗങ്ങളും ഇടപെട്ടു ഇതിലൊരു ക്രൂ അംഗത്തിനാണ് യാത്രക്കാരിയുടെ കടിയേറ്റത്. ഇതിന് പിന്നാലെ പോലീസ് എത്തി യാത്രക്കാരികളെ സ്ഥലത്തുനിന്ന് നീക്കം ചെയ്തു. യാത്രക്കാരികള്‍ തമ്മിൽ ഉണ്ടായ കയ്യാങ്കളിയെ തുടർന്ന് വിമാനം രണ്ടുമണിക്കൂര്‍ വൈകി.
STORY HIGHLIGHT: crew member bitten by passenger