കർണാടകയിലെ സ്വകാര്യ ബസിൽ യുവതിയെ മക്കളുടെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ദാവണഗരെ നഗരത്തിനടുത്തുള്ള ചന്നപുരയ്ക്ക് സമീപത്ത് വച്ച് ബസിലെ ഡ്രൈവറും കണ്ടക്ടറും സഹായിയും ചേർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ ഡ്രൈവർ പ്രകാശ് മഡിവാലറ, കണ്ടക്ടർ സുരേഷ്, സഹായി രാജശേഖർ എന്നിവരെയാണ് അരസിക്കെരെ പോലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 31 ന് ഹാരപ്പനഹള്ളിയിലുള്ള ഉച്ചാങ്കിദുർഗ ക്ഷേത്രം സന്ദർശിച്ച ശേഷം കുട്ടികളുമായി ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ക്ഷേത്ര ദർശനം കഴിഞ്ഞുള്ള അവസാന ബസിലാണ് യുവതി കയറിയത്. ആകെ ബസിൽ വളരെ കുറച്ച് യാത്രക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മറ്റ് യാത്രക്കാരെല്ലാം അവരവരുടെ സ്റ്റോപ്പുകളിൽ ഇറങ്ങിയ ശേഷം പ്രതികൾ ചന്നപുരയ്ക്കടുത്തുള്ള ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി കുട്ടികളുടെ മുന്നിൽ വെച്ച് മാതാവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
വയലിലുണ്ടായിരുന്ന കർഷകരും വഴിയാത്രക്കാരുമെത്തിയാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. അതേ സമയം പ്രതികളെ പിടികൂടി കൈമാറിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പോലും പോലീസ് തയ്യാറായില്ലെന്നും, യുവതിയുടെ ഒപ്പ് ശൂന്യമായ കടലാസിൽ വാങ്ങുക മാത്രമാണ് ചെയ്തതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
STORY HIGHLIGHT: karnataka woman gang raped