ഒരു വീടു വെയ്ക്കാന്‍ എത്ര ദിവസം വേണ്ടി വരും, അതും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന വീടാണെങ്കില്‍. എന്നാല്‍, ആമയിഴഞ്ചാന്‍ തോട്ടില്‍ വൃത്തിയാക്കാനിറങ്ങിയതിനെ തുടര്‍ന്ന് ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ച ജോയി എന്ന പാവം മനുഷ്യന്റെ അമ്മയ്ക്ക് ഒരു വീടുവെച്ചു നല്‍കാന്‍ നഗരസഭയ്‌ക്കോ, സര്‍ക്കാരിനോ ഇതുവരെ സാധിച്ചിട്ടില്ല. ജോയിയുടെ അതിദാരുണമായ മരണം സംഭവിച്ചിട്ട് ഒമ്പത് മാസം കഴിയുന്നു. 270 ദിവസം കഴിഞ്ഞിട്ടും വീടു വെയ്ക്കാന്‍ സ്ഥലം പോലും കണ്ടെത്തുകയോ, വീടു പണി തുടങ്ങുകയോ ചെയ്തിട്ടില്ല എന്നതാണ് വസ്തുത.
ഇതേ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. ജോയിയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി നഗരസഭാ സെക്രട്ടറി രണ്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിറക്കുകയും ചെയ്തിരിക്കുകയാണ്. അപ്പോള്‍ ആരാണ് ജോയിയുടെ അമ്മയ്ക്ക് വീടുവെച്ച് നല്‍കേണ്ടതെന്ന് വ്യക്തമായും ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്.
എന്നാല്‍, 13 ലക്ഷം റയില്‍വേയും 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ജോയിയുടെ കുടുംബത്തിന് വീടില്ലെന്നും ഭൂമി ലഭ്യമാക്കാന്‍ ജില്ലാ പഞ്ചായത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി ലഭിച്ചാല്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ വീട് നിര്‍മ്മിച്ച് നല്‍കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് പുറമേ ഡോ. ഗിന്നസ് മാടസ്വാമി, അജു ചെറിയാന്‍, വി. ദേവദാസ്, എ. അക്ബര്‍ അലി എന്നീ പൊതുപ്രവര്‍ത്തകരും പരാതി സമര്‍പ്പിച്ചിരുന്നു.
ജോയിയുടെ മൃതദേഹം 2024 ജൂലൈ 15 നാണ് ല ഭിക്കുന്നത്. അന്ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും, ആമയിഴഞ്ചാന്‍ തോട്ടിനു സമീപത്തും രാവിലെയും രാത്രിയും തമ്പടിച്ചു നിന്ന ഭരണാധികാരികളും ഉദ്യോഗസ്ഥരും ഒഴുക്കിയ. മുതലക്കണ്ണീര്‍ മറക്കാറായിട്ടില്ല. റെയില്‍വേയുടെ അനാസ്ഥയാണ് ജോയിയുടെ ജീവനെടുത്തതെന്ന് കോര്‍പ്പറേഷനും, കോര്‍പ്പറേഷന്‍ കൃത്യമായി ശുചായാക്കാത്തതാണ് പ്രശ്‌നമെന്ന് റെയില്‍വേയും തമ്മില്‍ പഴിചാരുകയും ചെയ്തിരുന്നു. അപ്പോഴും ജോയിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും എടുക്കുമെന്നാണ് നഗരസഭാ അധികൃതര്‍ വാഗ്ദാനം ചെയ്തത്.
ജോയിയുടെ അമ്മ ഇപ്പോഴും സ്വന്തമായി വീടില്ലാതെ കഴിയുന്നു. നഗരസഭയ്ക്ക് സ്ഥലം കണ്ടെത്താനുള്ള പരിമിതിയാണ് വീടുവെയ്ക്കാനുള്ള തടസ്സം. ഇതൊഴിവാക്കാന്‍ പഞ്ചായത്തിനെ സമീപിച്ചു. പഞ്ചായത്ത് ഇതുവരെ വീടുവെയ്ക്കാനുള്ള സ്ഥലം കണ്ടെത്തി നഗരസഭയ്ക്ക് കൈമാറിയിട്ടില്ല. സാങ്കേതികമായ തടസ്സങ്ങള്‍ പറഞ്ഞ് ജോയിക്ക് വീട് നല്‍കാതിരിക്കാനുള്ള നടപടിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പറഞ്ഞാല്‍ തെറ്റു പറയാനൊക്കില്ല. അല്ലെങ്കില്‍ സാങ്കേതിക തടസ്സങ്ങള്‍ നീക്കി സ്ഥലം വാങ്ങി വീടുവെച്ച് നല്‍കാന്‍ നഗരസഭയ്ക്ക് കഴിയില്ലേ.
നഗരത്തിലെ മാലിന്യമെല്ലാം വന്നുചേരുന്ന ആമയിഴഞ്ചാന്‍ തോട്ടിലേക്ക് ഒന്നു നോക്കാന്‍ പോലും നഗരവാസികള്‍ അറയ്ക്കും. അപ്പോള്‍ ആ മാലിന്യമെല്ലാം ശുചിയാക്കി തോടിന് സ്വാഭാവിക ഒഴുക്കുണ്ടാക്കാന്‍ ഇറങ്ങിയ ജോയിയുടെ അവസ്ഥ ആലോചിച്ചു നോക്കൂ. ആ വെള്ളത്തിലാണ് ജോയി മുങ്ങി മരിച്ചത്. നഗരത്തിന്റെ മാലിന്യവെള്ളത്തില്‍.
നഗരവാസികളുടെ മാലിന്യം വെള്ളത്തില്‍ മുങ്ങി മരിക്കേണ്ടി വന്ന ജോയിയോട് നീതി പുലര്‍ത്തിയെന്ന് നഗരസഭയ്ക്ക് പറയാനാകില്ല. കാരണം, നഗരസഭയുടെ ഉത്തരവാദിത്വം ഇപ്പോഴും നിറവേറ്റപ്പെട്ടിട്ടില്ല. ഇത്രയും നാള്‍ നീണ്ടും പോകാന്‍ ഇടയായ സാഹചര്യം പോലും ന്യായീകരിക്കാനാവുന്നതല്ല. അതുകൊണ്ടാണ് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്.
CONTENT HIGH LIGHTS;Do you remember Joy?: Poor man who drowned in Amayizhanchan stream; Municipality fails to fulfill promise even after nine months; Human Rights Commission directs to provide house to family