കേരള പോലീസിന്റെ ഓപ്പറേഷന്‍ ഡി.ഹണ്ടിലൂടെ പിടിക്കപ്പെടുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. ലഹരി മാഫിയയുടെ കണ്ണികളായോ, സ്വന്തമായി ലഹരി കച്ചവടം ചെയ്യുന്നവരായോ, ലഹരി ഉപയോഗിക്കുന്നവരായോ ഒക്കെയാണ് ഇവര്‍ പിടിക്കപ്പെടുന്നത്. ഇന്നലെ തന്നെ ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2139 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 114 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 134 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (9.08 ഗ്രാം), കഞ്ചാവ് (3.408 കി.ഗ്രാം), കഞ്ചാവ് ബീഡി (78 എണ്ണം) എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. ഓപ്പറേഷന്‍ ഡി-ഹണ്ട് തുടരുകയും ചെയ്യുകയാണ്.
എന്നാല്‍, കേരളാ പോലീസിന്റെ ഈ ഓപ്പറേഷനില്‍ പിടിക്കപ്പെടുന്നവരും, ശിക്ഷിക്കപ്പെടുന്നവരും, കണ്ടെടുക്കുന്ന മയക്കുമരുന്നിന്റെ അളവും തുച്ഛമാണ്. അല്ലെങ്കില്‍, ചെറിയ കേസുകളാണ് ഇതെല്ലാമെന്നു പറയാം. കാരണം, ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കൊച്ചി കടലില്‍ പട്രോളിംഗിനിടയില്‍ സംശയാസ്പദമായി കണ്ട ചില ബോട്ടുകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് കോടികളുടെ ലഹരി മരുന്നുകളാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിച്ചിരിക്കുന്ന നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് തര്‍കാഷ് (INS Tarkash) ആണ് ഈ വന്‍ ലഹരി സംഘത്തെ പിടികൂടിയത്. വന്‍തോതില്‍ ലഹരിയെത്തിക്കാന്‍ കടല്‍മാര്‍ഗമാണ് കടത്തുകാര്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തം.
ഇത് കണക്കിലെടുത്ത് കപ്പലുകള്‍ അടക്കം യാനങ്ങള്‍ക്ക് നാവികസേന കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടലിലൂടെ എത്തുന്ന നിരവധി യാനങ്ങള്‍, ഉരുക്കള്‍, ചെറു ബോട്ടുകള്‍ എന്നിവയില്‍ നിന്നും ലഹരി വസ്തുക്കളും, ക്രിമിനലുകളെയുംെ പിടിക്കുന്നുമുണ്ട്. ഇതൊന്നും വാര്‍ത്തയാകാറില്ല എന്നതും മറ്റൊരു സത്യമാണ്. കഴിഞ്ഞ ദിവസം ഐ.എന്‍.എ തര്‍ക്കാഷ് പിടികൂടിയ ലഹരി കടത്തുകാരില്‍ 2386 കിലോ ഹാഷിഷും, 121 കിലോ ഹെറോയിനുമാണ് ഉണ്ടായിരുന്നത്. ഉരുവിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഹരിക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടുണ്ട് എന്നാണ് നാവികസേന നല്‍കിയ സൂചനകള്‍.
എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുമില്ല. നേവല്‍ കമാന്‍ഡോകള്‍ തടഞ്ഞുവെച്ച എല്ലാ ബോട്ടുകളിലും ഉരുകളിലും നടത്തിയ പരിശോധനകള്‍ക്കിടെയാണ് ബോട്ടിന്റെ രഹസ്യ അറകളില്‍ സൂക്ഷിച്ച ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരങ്ങളിലൂടെ ചില സംഘങ്ങള്‍ ലഹരി കടത്താന്‍ ശ്രമിക്കുന്നുവെന്ന കൃത്യമായ സൂചനകളുടെ അടിസ്ഥാനങ്ങളിലാണ് ഐ.എന്‍.എസ് തര്‍കാഷ് കടല്‍ യാനങ്ങളില്‍ പരിശോധന നടത്തിയത്. പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലൂടെ വ്യാപകമായി ലഹരി കടത്തുന്ന സംഘങ്ങളെ പിടികൂടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇക്കൂട്ടരെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കടല്‍മാര്‍ഗം കടത്താന്‍ ശ്രമിച്ച വന്‍തോതില്‍ ലഹരി പലവട്ടം പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ആന്‍ഡമാന്‍ തീരത്ത് നിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയ മ്യാന്‍മാര്‍ ബോട്ടില്‍ നിന്ന് 5500 കിലോ മെത്താംഫെറ്റാമൈന്‍ (Methamphetamine) പിടിച്ചെടുത്തിരുന്നു. സമീപകാലത്തെ ഏറ്റവും വലിയ ലഹരിവേട്ടയായിരുന്നു അത്. ആറ് മ്യാന്‍മാര്‍ പൗരന്മാരും അന്ന് പിടിയിലായി. 35 കോടി രൂപയിലധികം വില വരുന്ന ലഹരി വസ്തുക്കളാണ് മ്യാന്‍മാര്‍ സംഘത്തില്‍ നിന്ന് പിടികൂടിയത്. ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ സ്റ്റാര്‍ ലിങ്കിന്റെ സാറ്റലൈറ്റ് ഫോണും ഇവരുടെ പക്കലില്‍ നിന്നും കണ്ടെടുത്തിരുന്നു. ഇതു കൂടാതെ, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വന്‍ ലഹരിക്കടത്തിന് ഉപയോഗിച്ചിരുന്ന ഒരു കപ്പല്‍ പുറം കടലില്‍ മുക്കിക്കളഞ്ഞു എന്ന വാര്‍ത്തയും വന്നിരുന്നു.
പക്ഷെ, അത് വിശ്വസനീയ വാര്‍ത്തയാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഇന്ത്യന്‍ നേവിയുടെ നിരീക്ഷണത്തില്‍ നിന്നും രക്ഷപ്പെടാനായിരുന്നു ആ കപ്പല്‍ മുക്കിയതെന്നാണ് കേട്ടിരുന്നത്. ഏകദേശം 50,000 കോടിയിലധികം രൂപയുടെ മയക്കു മരുന്നുകളാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും, അത് പിടിക്കപ്പെട്ടാല്‍ അതിന്റെ ഉറവിടം കണ്ടെത്തുമെന്നും മനസ്സിലാക്കിയാണ് കപ്പല്‍ കടലില്‍ മുക്കിയതെന്നുമായിരുന്നു വാര്‍ത്തകള്‍ പരന്നത്. എന്നാല്‍, ആ വാര്‍ത്തയ്ക്ക ഇപ്പോഴും സ്ഥിരീകരണം ഉണ്ടായിട്ടില്ല. മുങ്ങിയ കപ്പല്‍ പൊക്കാനോ, മുങ്ങിയത്, കപ്പലാണെന്ന് ഉറപ്പിക്കാനോ ആരും മെനക്കെട്ടില്ല എന്നതു തന്നെയണ് വാര്‍ത്ത വിശ്വാസ യോഗ്യമല്ലാതായി മാറിയതും.
എന്നാല്‍, ഒരുകാര്യം വ്യക്തമാണ്. കേരളം മയക്കുമരുന്നുകളുടെ ഹബ്ബായി പുറം ലോകം കാണുന്നുണ്ട് എന്ന്. അതുകൊണ്ടാണ് കേരളത്തിന്റെ തീരങ്ങളില്‍ ഇത്തരം മയക്കുമരുന്നു നിറച്ച ബോട്ടുകളും, കപ്പലുകളും ഉരുക്കളും കണ്ടെത്തുന്നതും. നേവി നിരീക്ഷകര്‍ കണ്ടെത്തിയതിനേക്കാള്‍ എത്രയോ മടങ്ങ് ലഹരി വസ്തുക്കള്‍ കടല്‍ മാര്‍ഗം കേരളത്തിലെ തീരങ്ങളില്‍ എത്തിയിട്ടുണ്ടാകും. അതൊക്കെ കോടികള്‍ വിലവരുന്നതും, കേരളത്തില്‍ വിറ്റഴിക്കപ്പെട്ടവയുമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇവിടെ, ഒരു കാര്യം മാത്രമാണ് അതീവ രഹസ്യമായി വെച്ചിരിക്കുന്നത്. അത്, ല ഹരി മാഫിയയുടെ തലവന്‍ ആരാണ് എന്നുള്ളത്. അതിശക്തനായ ബ്ലാക്ക് മണിയും വൈറ്റ് മണിയുമൊക്കെ ഇട്ട് കേരളത്തില്‍ ലഹരി കച്ചവടം നിയന്ത്രിക്കുന്നതാരാണ് എന്നതു മാത്രം ആര്‍ക്കും അറിയില്ല. അഥവാ അറിയുന്നവര്‍ പുറത്തു വിടുന്നില്ല.
ചില്ലറ കച്ചവടക്കാരെയും ഇടനിലക്കാരെയും കരയില്‍ പോലീസ് പിടിക്കുമ്പോള്‍, അവര്‍ക്കായി കടലിലൂടെ മൊത്തക്കച്ചവടത്തിന് സാധനം എത്തിക്കുന്ന തലവനെ കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണ് വസ്തുത. അന്യ രാജ്യങ്ങളില്‍ നിന്നോ, അന്യ സംസ്ഥാനങ്ങളില്‍ നിന്നോ, തീര ദേശം വഴി മയക്കു മരുന്ന് എത്തിക്കാനാണല്ലോ ഉരുക്കളും, ബോട്ടുകളും, ചെറു കപ്പലുകളും ലഹരിക്കടത്തുകാര്‍ ഉപയോഗിക്കുന്നത്. അപ്പോള്‍, ‘കുറച്ച് മയക്കു മരുന്ന് നിറച്ച് കേരളത്തിലേക്ക് വിട്ടേക്കാം. അവിടെ ആരെങ്കിലും ലഹരി വസ്തുക്കള്‍ വാങ്ങാതിരിക്കില്ല’ എന്നു വിചാരിച്ച് കൊണ്ടു വരുന്നതല്ലല്ലോ. കേരളത്തില്‍ നിന്ന് ആരോ , വിദേശ രാജ്യങ്ങളിലുള്ള ലഹരി മൊത്ത കച്ചവടക്കാര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും കോടികളുടെ ലഹരി വസ്തുക്കള്‍ തീര പ്രദേശങ്ങളില്‍ എത്തിക്കുന്നത്.
ഇതിനിടയില്‍ കട്ടവട രഹസ്യം പോലീസിനോ, നേവിക്കോ ഒറ്റിക്കൊടുക്കുമ്പോഴാണ് പിടിക്കപ്പെടുന്നത്. ഇങ്ങനെ പിടിക്കപ്പെടുന്ന ലഹരി വസ്തുക്കളുടെ അളവ് ഭീകരമാണ്. ഇവരില്‍ നിന്നും ആര്‍ക്കാണ് ഇത് എത്തിക്കുന്നതെന്നുള്ള വിവരം ലഭിക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ അതാര്‍ക്കാണ്. എവിടേക്കാണ് ഇത് എത്തിക്കാന്‍ നിയോഗിക്കപ്പെട്ടത് എന്നൊക്കെയുള്ള വിവരം കിട്ടിയിട്ടുണ്ടെങ്കില്‍ ലഹരി മാഫിയാ സംഘഠത്തെയും അതിന്റെ തലവനെയും എനമ്തു കൊണ്ട് പിടിക്കുന്നില്ല എന്ന ചോദ്യം ഉയരുകയാണ്. അപ്പോള്‍ സ്വാഭാവികമായും അറിഞ്ഞ വിവരങ്ങള്‍ പുറത്തു പോകാതെ സൂക്ഷിക്കുന്നു എന്നതാണ് സത്യം. ആ വിവരങ്ങളിലെ ലഹരി മാഫിയാ തലവന്റെയും കമ്പനിയുടെയും പേരുകള്‍ പുറത്തു വരാതിരിക്കുക എന്നതാണ് പ്രധാനമായി കാണുന്നതെന്നും മനസ്സിലാക്കേണ്ടതുണ്ട്.
തലമുറയെ മയക്കു മരുന്നും ലഹരിക്കടിമയുമാക്കുന്ന ഇത്തരം ലോബികളെ അമര്‍ച്ച ചെയ്യണമെങ്കില്‍ ഈ മയക്കു മരുന്നുകള്‍ എവിടേക്കാണ് കൊണ്ടു വന്നതെന്ന വിവരം ജനങ്ങള്‍ അറിയണം. അതിനെതിരേ ജനകീയ പ്രതിരോധം ഉണ്ടാകണം. കടല്‍ മാര്‍ഗം കൊണ്ടു വരുന്ന ലഹരി വസ്തുക്കളെ കരയിലെത്തിക്കാന്‍ സമ്മതിക്കാതെ മത്സ്യത്തൊഴിലാളികള്‍ ചെറുക്കണം. ചെരുതും വലുതുമായ ചെറുത്തു നില്‍പ്പുകള്‍ കൊണ്ട് കേരളത്തിന്റെ തീരം ലഹരി വിമുക്തമാക്കണം. കച്ചവടക്കാരെയും മാഫിയാ തലവനെയും ഇല്ലാതാക്കുകയാണ് വേണ്ടത്. അല്ലാതെ ഒളിപ്പിച്ചു വെയ്ക്കുകയല്ല വേണ്ടത്.
CONTENT HIGH LIGHTS;Who controls the drug trade in Kerala?: Where do the seized drugs go and for whom?; Who is keeping the secret that will not be revealed to protect?; Who is protecting the gangs that are corrupting the generation?