Kerala

വഖഫ് ബില്‍ പാസാക്കിയതുകൊണ്ട് മുനമ്പത്തെ വിഷയം തീരില്ല; വി.ഡി. സതീശന്‍ | V D Satheesan

കോഴിക്കോട്: വഖഫ് ബില്ലിന് പിന്നാലെ ചര്‍ച്ച് ബില്ല് വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വഖഫ് ബില്ല് പാസാക്കിയതുകൊണ്ട മുനമ്പത്തെ വിഷയം തീരില്ലെന്നും കേരളത്തിലെ ക്രൈസ്തവരെ പ്രീണിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആട്ടിന്‍ തോലിട്ട ചെന്നായകളെ ക്രിസ്ത്യന്‍ സമൂഹം തിരിച്ചറിയുമെന്നും വിഡി സതീശന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

വഖഫ് ബില്ലിനെ ചിലര്‍ മുനമ്പം വിഷയവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതിന് മുനമ്പവുമായി യാതൊരു ബന്ധവും ഇല്ല- സതീശന്‍ പറഞ്ഞു. മുനമ്പം വിഷയം സംസ്ഥാന സര്‍ക്കാരിനും സംസ്ഥാനത്തെ വഖഫ് ബോര്‍ഡിനും പത്തുമിനിറ്റുകൊണ്ട് തീര്‍ക്കാവുന്ന വിഷയമേ ഉളളൂ. കേരളത്തിലെ മുഴുവന്‍ മുസ്ലീം സംഘടനകളും ക്രൈസ്തവ സംഘടനകളും അവിടെയുള്ളവരെ അവിടെ നിന്ന് ഇറക്കിവിടരുതെന്നാണ് അഭ്യര്‍ഥിച്ചത്.

അത് സംബന്ധിച്ച് ഒരു തര്‍ക്കവും കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടയിലും ഒരു മതസംഘടനകളുടെ ഇടയിലും ഇല്ല. അതിന്റെ മറവില്‍ വഖഫ് ബില്‍ പാസാക്കാനുള്ള ശ്രമം നടത്തി. വഖഫ് ബില്‍ പാസാക്കിയതുകൊണ്ട് മുനമ്പത്തെ വിഷയം തീരുമോ?. ബിജെപി അത് രാഷ്ട്രീയ മുതലെടുപ്പ് നടത്തി ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു.