ഭുവനേശ്വര്‍: ഒഡീഷയിൽ മലയാളി വൈദികന് പൊലീസിന്റെ ക്രൂരമർദനം. ബെർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. കൂടെയുണ്ടായിരുന്ന സഹ വൈദികനും മർദനമേറ്റിട്ടുണ്ട്. പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയവർക്ക് നേരെയും മർദനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
പള്ളിക്ക് സമീപമുള്ള ഗ്രാമത്തിൽ നടന്ന റെയ്ഡിൽ കഞ്ചാവ് പിടികൂടിയതിനെ തുടർന്നു നടത്തിയ തുടർ പരിശോധനയ്ക്കിടയാണ് പൊലീസ് പള്ളിയിലെത്തിയത്. പള്ളിയിലുണ്ടായിരുന്ന ആളുകളെ പരിശോധിക്കാനും മർദിക്കാനും തുടങ്ങിയപ്പോൾ തടയാനെത്തിയപ്പോഴാണ് ഇടവക വികാരി ഫാ.ജോഷി ജോർജിനെയും സഹവൈദികനെയും പൊലീസ് സംഘം മര്‍ദിച്ചത്.
ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ വന്നവരാണ് നിങ്ങളെന്നും പൊലീസുകാര്‍ പറഞ്ഞു.
തെറിവിളിയും നടത്തി. തുടർന്ന് ഇടവക വികാരിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. തോളെല്ലിനും കൈക്കും പൊട്ടലുണ്ടായതിനെ തുടർന്ന് ഫാ.ജോഷി ജോർജിനെ ബഹരാംപുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മദിനത്തിലായിരുന്നു പൊലീസിന്റെ നരനായാട്ട്.