കൊച്ചിയിലെ സ്വകാര്യ മാർക്കറ്റിംഗ് സ്ഥാപനത്തിലെ ജീവനക്കാരെ നായ്ക്കളെപ്പോലെ കഴുത്തിൽ ബെൽറ്റിടീച്ചും മുട്ടിൽ ഇഴയിച്ച് നാണയം നക്കിയെടുപ്പിച്ചും ക്രൂരതൊഴിൽ പീഡനത്തിനിരയാക്കിയെന്ന തരത്തിൽ പ്രചരിച്ച വീഡിയോ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ വ്യാജമായി ചിത്രീകരിച്ചതെന്ന് ജീവനക്കാർ. സംഭവം തൊഴിൽപീഡനമല്ലെന്നാണ് തൊഴിൽവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തുന്നത്.
കെൽട്രോ എന്ന സ്വകാര്യ സ്ഥാപനത്തിലെ വ്യക്തികൾ തമ്മിലുള്ള പ്രശ്നത്തെ തൊഴിൽ പീഡനമായി ചിത്രീകരിച്ചെന്നാണു തൊഴിൽവകുപ്പ് കരുതുന്നത്. തൊഴിലിടത്തെ ഞെട്ടിപ്പിക്കുന്ന പീഡനം എന്ന വെളിപ്പെടുത്തലുമായാണ് ഏതാനും ജീവനക്കാർ രംഗത്തെത്തിയത്. സ്ഥാപനത്തിന്റെ മുകൾതട്ടിലുള്ള ജീവനക്കാർ തമ്മിലുള്ള പോരിന്റെ ഫലമായാണ് ഇത്തരം ഒരു ദൃശ്യം പുറത്തുവന്നതെന്ന് ദൃശ്യത്തിലുള്ള യുവാക്കൾ പറഞ്ഞു.
മാർക്കറ്റിംഗ് സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ മാനേജർ മനാഫ് മാസങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജനറൽ മാനേജരായ ഉബൈൽ ലീവിന് പോയ സമയത്താണ് വിഡിയോ എടുത്തത്. ചിലർക്കെതിരേ നടപടി ഉണ്ടാകുമെന്ന ഘട്ടത്തിൽ വീഡിയോ പുറത്തുവിടുകയായിരുന്നുവെന്നാണ് ദൃശ്യത്തിൽ ഉണ്ടായിരുന്ന യുവാവ് മൊഴി നൽകിയത്. ജീവനക്കാർ തമ്മിലുള്ള പ്രശ്നങ്ങളാണ് വീഡിയോയ്ക്ക് പിന്നിലെന്നാണ് നിഗമനം. മാർക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർലിങ്ക്സിൽ ജോലി ചെയ്യുന്ന ജീവനക്കാർ അതിക്രൂരമായ പീഡനങ്ങൾക്ക് വിധേയരാകുന്നുവെന്ന് പറയുന്ന ദൃശ്യങ്ങളാണ് നേരത്തെ പുറത്തുവന്നത്.
STORY HIGHLIGHT: kochi firm labour harassment allegations