കാൽ നൂറ്റാണ്ട് ബയേൺ മ്യൂണിക്കിനൊപ്പം പോരാട്ടം നയിച്ച ജർമൻ പടയാളി തോമസ് മ്യൂളർ ക്ലബ് വിടുന്നു. പത്ത് വയസ്സുള്ളപ്പോഴാണ് മ്യൂളർ ബയേൺ ക്ലബ്ബിന്റെ അക്കാദമിയിൽ ചേർന്നത്.
സമൂഹ മാധ്യമങ്ങളിൽ ആരാധകർക്ക് എഴുതിയ കത്തിലൂടെയാണ് നീണ്ട 25 സേവനം അവസാനിപ്പിച്ച് ക്ലബ് വിടുന്നതായി ഇതിഹാസ താരം പ്രഖ്യാപിച്ചത്. സീസണിനുശേഷം കരാർ അവസാനിക്കാനിരിക്കുന്ന 35 കാരനായ മിഡ്ഫീൽഡർ ബയേണുമായുള്ള സംയുക്ത പ്രസ്താവനയിലാണ് ക്ലബ് വിടുന്നത് അറിയിച്ചത്. കുറച്ചുകാലമായി താരം സൈഡ് ബെഞ്ചിലായിരുന്നു.
മുള്ളർ രണ്ട് ചാമ്പ്യൻസ് ലീഗുകളും 12 ബുണ്ടസ്ലിഗ കിരീടങ്ങളും നേടിയിട്ടുണ്ട്. ബയേണിനായി 743 മത്സരങ്ങ ളിൽ നിന്ന് 247 ഗോളുകളും 273 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. 2014-ൽ ജർമ്മനിക്ക് വേണ്ടി ലോകകപ്പ് നേടിയ മുള്ളർ, 2024 യൂറോ കപ്പിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചിരുന്നു. 14 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ 131 മത്സരങ്ങളിൽ കളിച്ച് 45 ഗോളുകൾ നേടി.
ഇന്ന് തനിക്ക് മറ്റേതൊരു ദിവസത്തേയും പോലെയല്ലെന്ന് വ്യക്തമാണെന്ന് വിടവാങ്ങൽ സന്ദേശത്തിൽ മ്യൂളർ പറഞ്ഞു. ‘ബയേൺ മ്യൂണിക്കിലെ കളിക്കാരനെന്ന നിലയിൽ എന്റെ 25 വർഷങ്ങൾ ഈ വേനൽക്കാലത്ത് അവസാനിക്കും. അതുല്യമായ അനുഭവങ്ങൾ, മികച്ച പോരാട്ടങ്ങൾ, മറക്കാനാവാത്ത വിജയങ്ങൾ എന്നിവ നിറഞ്ഞ അവിശ്വസനീയമായ യാത്രയായിരുന്നു അത്’- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ അമേരിക്കയിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിലാകും ബയേണിൽ മ്യൂളറുടെ അവസാന മത്സരം.
content highlight: Thomas Muelar