Sports

ഇനി കളി മാറും! പരിക്കു വിട്ടുമാറി ബുമ്ര തിരികെ മുംബൈയിലെത്തി | Jasprith Bumbrah

ക‍ഴിഞ്ഞ ആഴ്ചകളില്‍ കഠിനമായ ബൗളിങ് പരിശീലനത്തിലായിരുന്നു താരം

മുംബൈ ഇന്ത്യന്‍സിന് ഉത്തേജനം നല്‍കി ജസ്പ്രീത് ബുമ്ര ടീമില്‍ ചേര്‍ന്നു. ജനുവരി മുതല്‍ ചികിത്സയിലായിരുന്ന താരത്തിന് ചാമ്പ്യൻസ് ട്രോഫിയും ഐ പി എല്ലിലെ ഇതുവരെയുള്ള മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു തിങ്കളാഴ്ച സ്വന്തം മൈതാനത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ (ആര്‍ സി ബി) നടക്കുന്ന മത്സരത്തിന് മുന്നോടിയായാണിത്. .

ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്സലന്‍സിലെ ബി സി സി ഐ മെഡിക്കല്‍ സ്റ്റാഫില്‍ നിന്ന് അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ബുമ്ര മുംബൈയില്‍ ചേര്‍ന്നത്. ബി സി സി ഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ക‍ഴിഞ്ഞ ആഴ്ചകളില്‍ കഠിനമായ ബൗളിങ് പരിശീലനത്തിലായിരുന്നു താരം. ഏപ്രില്‍ 4 ആയപ്പോഴേക്കും അവസാന റൗണ്ട് ഫിറ്റ്‌നസ് ടെസ്റ്റുകള്‍ക്ക് വിധേയനാകാന്‍ തുടങ്ങിയിരുന്നു.

‘ഗര്‍ജിക്കാന്‍ തയ്യാര്‍’, ‘കാട്ടിലെ രാജാവ് തന്റെ സാമ്രാജ്യത്തില്‍ തിരിച്ചെത്തിയിരിക്കുന്നു’ തുടങ്ങിയ അടിക്കുറിപ്പോടെയാണ് താരത്തിന്റെ വരവിനെ മുംബൈ ഇന്ത്യന്‍സ് എക്‌സില്‍ വരവേറ്റത്. ഈ ഐ പി എല്ലില്‍ നാല് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് മുംബൈക്കുള്ളത്. ബുമ്രയുടെ അഭാവത്തില്‍ സത്യനാരായണ രാജു, മലയാളിതാരം വിഘ്‌നേഷ് പുത്തൂര്‍, അശ്വനി കുമാര്‍ എന്നിവര്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ട്രെന്റ് ബോള്‍ട്ടും ദീപക് ചാഹറും ബോളിങ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നു, ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ നിരയിലെ മറ്റൊരു സീം-ബൗളിങ് ഒപ്ഷനാണ്.

content highlight: Jasprith Bumbrah