Kerala

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; മുണ്ടൂരിൽ നാളെ ഹർത്താൽ

പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മുണ്ടൂരിൽ നാളെ പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഐഎം.

അതേസമയം മുണ്ടൂർ സെക്ഷൻ പരിധിയിൽ കണ്ണാടും ചോല ഭാഗത്ത് ഒരു സ്ത്രീയെയും മകനെയും കാട്ടാന ആക്രമിച്ച് ഒരാൾ മരണപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ജില്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആനയെ പ്രദേശത്ത് നിന്നും ഉള്‍ക്കാട്ടിലേക്ക് തുരത്താനും ആവശ്യമായ പോലീസ് സഹായം ഉള്‍പ്പെടെ നല്‍കാനും നിര്‍ദേശിച്ചു.

കൂടുതല്‍ ആർആർടി അംഗങ്ങളെ പങ്കെടുപ്പിക്കും. ഫെൻസിങ്ങ് ഉള്ളതായി ഉറപ്പ് വരുത്തണമെന്നും നിർദേശമുണ്ട്. മരണപ്പെട്ട ആളുടെ കുടുംബത്തിന് ഉടന്‍ നഷ്ട പരിഹാരം നല്‍കുമെന്നും ആശുപത്രിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്ന് രാത്രി ഏഴു മണിയോടെയാണ് 23കാരൻ കാട്ടാന ആക്രമണത്തിൽ മരിച്ചത്. അമ്മയോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ അലൻ്റെ അമ്മയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Latest News