Sports

ഐ ലീഗില്‍ ജേതാക്കളെ തീരുമാനിക്കുന്നത് അപ്പീല്‍ഫലത്തിലൂടെ | I League

22 മത്സരങ്ങളില്‍ നിന്ന് 40 പോയിന്റുമായി ചര്‍ച്ചിലാണ് പട്ടികയില്‍ ഒന്നാമത്

കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ മത്സരങ്ങളെല്ലാം അവസാനിച്ചിട്ടും ചാമ്പ്യനില്ല. അവസാനമത്സരങ്ങള്‍ക്കൊടുക്കം നാടകീയമായ ക്ലൈമാക്സിനാണ് ഐ ലീഗ് സാക്ഷ്യം വഹിച്ചത്.

ലീഗിലെ എല്ലാം മത്സരങ്ങളും അവസാനിച്ചപ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്സാണ് ഒന്നാമത്. എന്നാല്‍ കിരീടം നേടുമോ എന്നറിയാന്‍ കാത്തിരിക്കണം. കളത്തിലല്ല ഇത്തവണ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ ന്യൂഡല്‍ഹിയിലെ ആസ്ഥാനമന്ദിരത്തിലാണ് വിജയികളെ തീരുമാനിക്കുക. ഇന്റര്‍ കാശി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് നല്‍കിയ അപ്പീല്‍ഫലം വന്നാല്‍ മാത്രമേ ചിത്രം വ്യക്തമാകൂ. അപ്പീല്‍ഫലം അനുകൂലമായാല്‍ ഇന്റര്‍കാശിക്ക് മൂന്നുപോയന്റ് ലഭിക്കും. കിരീടവും ലഭിക്കും. ഏപ്രില്‍ 28-നാണ് വിധി.

22 മത്സരങ്ങളില്‍ നിന്ന് 40 പോയിന്റുമായി ചര്‍ച്ചിലാണ് പട്ടികയില്‍ ഒന്നാമത്. ഇന്റര്‍ കാശി 39 പോയിന്റുകളുമായി രണ്ടാമതാണ്. റിയല്‍ കശ്മീര്‍ മൂന്നാമതും ഗോകുലം നാലാമതുമാണ്. പട്ടികയില്‍ മുന്നിലാണെങ്കിലും ചര്‍ച്ചിലിന് കിരീടം ഉറപ്പായില്ല. നാംധാരിക്കെതിരായ മത്സരത്തിലെ അപ്പീല്‍ഫലം നിര്‍ണായകമാണ്. നാംധാരിക്കെതിരായ മത്സരത്തില്‍ ഇന്റര്‍ കാശി തോറ്റിരുന്നു. എന്നാല്‍, അയോഗ്യതയുള്ള കളിക്കാരനെ എതിരാളികള്‍ ഇറക്കി എന്നാരോപിച്ച് ഇന്റര്‍ കാശി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതിലെ വിധി അനുകൂലമായാല്‍ ടീമിന് മൂന്നുപോയിന്റ് ലഭിക്കും. അങ്ങനെയെങ്കില്‍ ടീമിന് ലീഗ് കിരീടവും ലഭിക്കും. ഈ വിധിക്ക് ശേഷം മാത്രമേ ജേതാക്കളുടെ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുകയുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം.

content highlight: I League