തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് പരോൾ. ഹൈക്കോടതിയാണ് 15 ദിവസത്തെ പരോൾ അനുവദിച്ചത്. സർക്കാരിന്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് ഉത്തരവ്. പരോളിന് യുക്തമായ വ്യവസ്ഥകൾ ചുമത്താമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസിൽ ജീവപര്യന്തം തടവിന് കഴിയുകയാണ് നിഷാം. തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് നിഷാം ജയിലിലായത്.
2015 ജനുവരി 29നു പുലർച്ചെയാണ് സംഭവം. ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ.ഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ നിഷാം ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീണുകിടന്ന ചന്ദ്രബോസിനെ നിഷാം എഴുന്നേൽപ്പിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു. വാഹനമിടിച്ച് പരിക്കേൽപ്പിച്ചതിന് പുറമെ ചന്ദ്രബോസിനെ നിഷാം മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തു. സെക്യൂരിറ്റി റൂമും ഫർണിച്ചറുകളും ജനലുകളും അടിച്ചുതകർത്തു. ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനും മർദനമേറ്റു.
മറ്റ് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ഫ്ളൈയിങ് സ്‌ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചികിത്സയിലിരിക്കേ ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിക്കുകയായിരുന്നു. സംഭവത്തിൽ നേരത്തെ അറസ്റ്റിലായ നിഷാമിനെതിരെ പിന്നീട് കൊലക്കുറ്റവും ചുമത്തി. തൃശൂർ സെഷൻസ് കോടതി ജീവപര്യന്തത്തിനു പുറമെ 24 വർഷം തടവും 80,30,000 രൂപ പിഴയും വിധിച്ചിരുന്നു. ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കണമെന്ന നിഷാമിന്റെ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.