പോക്സോ കേസിൽ പ്രതിയായ അഭിഭാഷകന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിചേർത്ത ഹൈക്കോടതി അഭിഭാഷകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. മലപ്പുറം പൊന്നാനി തോട്ടത്തില്‍ നൗഷാദിന്റെ അറസ്റ്റാണ് കോടതി തടഞ്ഞത്. മുൻകൂർ ജാമ്യ ഹർജിയിൽ വിധിവരും വരെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്. ഇയാൾ മുൻ ഗവ. പ്ലീഡറാണ്. പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശമുണ്ട്. ആറന്മുള പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന് മുന്നിലെത്തിയ മുന്‍കൂര്‍ ജാമ്യഹരജി ഉടൻ കോടതി പരിഗണിച്ചു. നൗഷാദിന് വേണ്ടി അഭിഭാഷകരായ ആര്. ബസന്ത്, കാര്‍ത്തിക് എന്നിവരാണ് ഹാജരായത്. കേസ് വ്യാജമാണെന്നായിരുന്നു ഇവരുടെ വാദം.
അതേസമയം ഒരു അഭിഭാഷകനിൽ നിന്നുമാണോ ഇത്തരമൊരു പ്രവർത്തി ഉണ്ടായതെന്ന് കോടതി ചോദിച്ചു. കേസ് വാദത്തിലേക്ക് കടക്കേണ്ടതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് അറസ്റ്റ് തടഞ്ഞത്. മാതാപിതാക്കളുമായി പിണങ്ങി താമസിക്കുന്ന പതിനാറുകാരിയെ 2023 ജൂണ്‍ മുതൽ പ്രതി മദ്യം കൊടത്തു പീഡിപ്പിച്ചു എന്നതാണ് കേസ്.