Food

ഒരു തലശ്ശേരി സ്‌പെഷ്യല്‍ പുട്ട് ഉണ്ടാക്കിയാലോ?

എന്നും തയ്യാറാക്കുന്ന പുട്ടിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു പുട്ട് ഉണ്ടാക്കിയാലോ? അതും തലശ്ശേരി സ്പെഷ്യൽ ചെമ്മീന്‍ ഉണ്ടപുട്ട്. വളരെ എളുപ്പത്തില്‍ രുചികരമായി ഉണ്ടാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • ചെമ്മീന്‍- 500 ഗ്രാം
  • സവാള – 1 വലുത്
  • പച്ചമുളക് – 12 (വട്ടത്തില്‍ അരിഞ്ഞു വയ്ക്കുക)
  • കറിവേപ്പില
  • പെരുംജീരകപൊടി – 11/2 ടേബിള്‍ സ്പൂണ്‍
  • മുളകുപൊടി – 1/2 ടീസ്പൂണ്‍
  • ഗരംമസാല പൊടി 1/2 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി
  • ഉപ്പ്
  • എണ്ണ

തയാറാക്കുന്ന വിധം

ചെമ്മീനില്‍ ഉപ്പും മഞ്ഞളും പുരട്ടി വെയ്ക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ അല്പം എണ്ണ ചേര്‍ക്കുക . അതിലേക്ക് ചെമ്മീനും പകുതി പച്ചമുളക് വട്ടത്തില്‍ അരിഞ്ഞതും ചേര്‍ത്ത് വെള്ളം പറ്റുന്നതുവരെ വഴറ്റുക. അത് പാനില്‍ നിന്ന് മാറ്റിയ ശേഷം അല്പം എണ്ണ കൂടി ഒഴിച്ച് കൊടുത്ത് സവാള, വട്ടത്തില്‍ അരിഞ്ഞ പച്ച മുളക്, ചെറുതായി അരിഞ്ഞ കറിവേപ്പിലയും ഇട്ട് വഴറ്റുക. ഇതിലേക്ക് പെരുംജീരകപൊടി, മുളകുപൊടി, മസാലപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് പച്ച മണം മാറുന്നതുവരെ വഴറ്റുക. ശേഷം വേവിച്ച ചെമ്മീന്‍ ചേര്‍ത്ത് ഒന്നു കൂടി യോജിപ്പിച്ച് ഒരു മിനിറ്റ് ഇളക്കി മാറ്റിവെയ്ക്കുക.

അരിപ്പൊടിയില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് തിളച്ച വെള്ളം ഒഴിച്ച് നന്നായി യോജിപ്പിച്ചെടുക്കുക, ചൂടാറുമ്പോള്‍ ചെറിയ ഉരുളകളാക്കുക. ഓരോ ഉരുളയും കൈയില്‍ വച്ച് പരത്തുക, നടുക്ക് ചെമ്മീന്‍ മസാല വെച്ച് വീണ്ടും ഉരുളകളാക്കി നാളികേരത്തില്‍ ഉരുട്ടിയെടുക്കുക. ഇത് ആവി പാത്രത്തില്‍ വച്ച് ആവി കയറ്റി എടുക്കുക. ചെമ്മീന്‍ ഉണ്ടപുട്ട് റെഡി.