പരിശീലനത്തിനെത്തിയ 16കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുങ്ഫു അധ്യാപകനെ പൊലീസ് പിടികൂടി. പന്തളം ഉളനാട് സജി ഭവനം വീട്ടിൽ സാം ജോണിനെ(45) ആണ് ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഉളനാട് നടത്തുന്ന കുങ്ഫു പരിശീലനകേന്ദ്രത്തിൽ വച്ചാണ് കൗമാരക്കാരനുനേരെ ലൈംഗിക അതിക്രമം ഉണ്ടായത്. 2023 ഓഗസ്റ്റ് 15ന് രാവിലെ 10ന് ശേഷം, കുട്ടിയെ സ്ഥാപനത്തിൽ വച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പ്രതി, തുടർന്ന് പല ദിവസങ്ങളിലും ഇത് ആവർത്തിച്ചു. ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പരിശീലനമുള്ള എല്ലാ ഞായറാഴ്ചകളിലും പല തരത്തിൽ ലൈംഗിക അതിക്രമം നടത്തി.
ഈ മാസം 7ന് പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ ഇലവുംതിട്ട സ്റ്റേഷനിലേക്ക് അയച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കി. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീടിനടുത്തുനിന്നും ഉടനടി കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. പിന്നാലെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.