Celebrities

ജയലളിതയെ പ്രകോപിപ്പിച്ച പ്രസം​ഗം 30 വർഷത്തിന് ശേഷം ഓർത്തെടുത്ത് രജനികാന്ത് | Rajanikanth

വളരെ അസ്വസ്ഥവും മറക്കാനാവാത്തതുമാണെന്നാണ് ഈ സംഭവത്തെക്കുറിച്ച് രജനികാന്ത് പറഞ്ഞത്

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ കാരണം തുറന്നു പറഞ്ഞ് നടൻ രജനികാന്ത്. വളരെ അസ്വസ്ഥവും മറക്കാനാവാത്തതുമാണെന്നാണ് ഈ സംഭവത്തെക്കുറിച്ച് രജനികാന്ത് പറഞ്ഞത്. ബാഷയുടെ നിർമാതാവും മുൻ മന്ത്രിയുമായ ആർഎം വീരപ്പന്റെ (ആർഎംവി) ഒന്നാം ചരമ വാർഷിക ദിനത്തിൽ പുറത്തിറക്കിയ ഡോക്യുമെന്ററിയിലാണ് രജനിയുടെ തുറന്നുപറച്ചിൽ.

1995 ൽ ബാഷ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷച്ചടങ്ങ് നടക്കുകയായിരുന്നു. വേദിയിൽ അന്ന് കാബിനറ്റ് മന്ത്രിയായിരുന്ന ആർഎംവിയുമുണ്ടായിരുന്നു. ഈ ചടങ്ങിൽ സംസാരിക്കുമ്പോൾ താൻ അറിയാതെ ഒരു രാഷ്ട്രീയ വിവാദത്തിന് കാരണമായെന്ന് രജനികാന്ത് പറഞ്ഞു. വേദിയിൽ ഒരു മന്ത്രിയുണ്ട് എന്ന കാര്യമോർക്കാതെ സർക്കാരിനെതിരെ പറഞ്ഞു പോയി. അതേക്കുറിച്ച് അന്ന് വ്യക്തതയുണ്ടായിരുന്നില്ല. സർക്കാരിനെതിരായ പ്രസം​ഗത്തെ എതിർക്കാത്തതിനാൽ അന്ന് എഐഎഡിഎംകെ മന്ത്രിയായിരുന്ന ആർഎംവിയെ ജയലളിത മന്ത്രി സ്ഥാനത്തുനിന്ന് നീക്കിയെന്നും രജനികാന്ത് വ്യക്തമാക്കി.

“അദ്ദേഹത്തെക്കുറിച്ച് (ആർ‌എം‌വി) സംസാരിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ആർഎംവിയുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ അദ്ദേഹത്തെ വിളിച്ച് സംഭവത്തിന് ക്ഷമ ചോദിച്ചു. പക്ഷേ മന്ത്രി ആ കാര്യം തള്ളിക്കളയുകയും ആ സംഭവത്തേക്കുറിച്ച്, മറന്നേക്കാനും പറഞ്ഞു. പകരം സിനിമയുടെ ഷൂട്ടിങ് ഷെഡ്യൂളിനെക്കുറിച്ച് ചോദിച്ചു.

ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം പെരുമാറി. ഈ സംഭവം എന്റെയുള്ളില്‍ ഒരു മുറിവായി മാറി. ആ മുറിവ് ഒരിക്കലും ഉണങ്ങില്ല. കാരണം വേദിയിൽ അവസാനം സംസാരിച്ച വ്യക്തി ഞാനായിരുന്നു. അതിനുശേഷം അതിനോട് പ്രതികരിക്കാൻ ആർഎംവിക്ക് കഴിയുമായിരുന്നില്ല. മുഖ്യമന്ത്രിയോട് ഇതേക്കുറിച്ച് വിശദീകരിക്കാമോ എന്ന് ചോദിച്ചപ്പോൾ അവർ സ്വന്തം തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന് ആർഎംവി പറഞ്ഞു.
ഈ വിഷയവുമായി ബന്ധപ്പെട്ട് എന്റെ പേര് കളഞ്ഞുകുളിക്കരുതെന്നും ആർഎംവി ആവശ്യപ്പെട്ടു. അതുകൊണ്ടൊക്കെയാണ് അദ്ദേഹം ഒരു മികച്ച മനുഷ്യനും യഥാർഥ കിങ് മേക്കറും ആയത്”.- രജനികാന്ത് പറഞ്ഞു.

ജയലളിതയെ രാഷ്ട്രീയമായി എതിർക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിൽ ഒട്ടേറെ കാരണങ്ങളുണ്ടെന്ന് രജനികാന്ത് സമ്മതിക്കുന്നുണ്ട് വിഡിയോയിൽ. ഈ സംഭവം തന്റെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

content highlight: Rajanikanth