മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ന് ഉച്ചയോടെ ഇന്ത്യയിൽ എത്തിക്കും. ഇന്ത്യയിലെത്തുന്ന റാണയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യും. തുടർന്ന് ഡൽഹി കോടതിയിൽ ഹാജരാക്കിയതിനു ശേഷം മുംബൈയിലേക്കു കൊണ്ടുപോകും. ഇന്ത്യയിൽ എത്തുന്ന റാണയെ തിഹാർ ജയിലിലേക്ക് മാറ്റുമെന്നാണ് സൂചന. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലായിരിക്കും യുഎസിൽനിന്ന് ഇന്ത്യയിലെത്തിക്കുക.
ഇന്ത്യയിലെത്തിച്ച ശേഷം ആദ്യം എൻഐഎ തഹാവുർ റാണയെ ചോദ്യം ചെയ്യും. മുംബൈ പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ തഹാവുർ റാണയെ പ്രതിയായി ഉൾപ്പെടുത്തിയിരുന്നില്ല. എൻഐഎ ചോദ്യം ചെയ്തതിന് ശേഷമാണ് തഹാവുർ റാണയുടെ പങ്ക് വ്യക്തമായിരുന്നത്. അതീവസുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും തഹാവുർ റാണയെ പാർപ്പിക്കുക.
നേരത്തെ ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ റാണ നൽകിയ ഹർജി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായും പാക്ക് ചാരസംഘടന ഐഎസ്ഐയുമായും ബന്ധമുണ്ടായിരുന്ന റാണ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഡേവിഡ് കോൾമാൻ ഹെഡ‌്‌ലിയുടെ അടുത്ത അനുയായിയുമാണ്.
STORY HIGHLIGHT: tahawwur rana extradition