Kerala

വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി – ambalamukku vineetha murder case

വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപവന്‍ തൂക്കമുളള സ്വര്‍ണമാല കവരുന്നതിനായിരുന്നു കൊലപാതകം നടത്തിയത്

അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ ചരുവിള കോണത്ത് സ്വദേശിനിയുമായ വിനീതയെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസിലെ ഏക പ്രതി തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗർ സ്വദേശി രാജേന്ദ്രനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനൻ വിധി പ്രസ്താവിച്ച്.

കേസ് 21-ന് പരിഗണിക്കും അതെ ദിവസം പ്രതിയെ സംബന്ധിച്ചുള്ള ഏഴ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടര്‍, കന്യാകുമാരി ജില്ലാ കളക്ടര്‍, സൈക്യാട്രിസ്റ്റ് തുടങ്ങിയവരില്‍നിന്നാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ടുകൾ പരിശോധിച്ചതിന് ശേഷമായിരിക്കും ശിക്ഷ വിധിക്കുക.

2022 ഫെബ്രുവരി ആറിനാണ് രാജേന്ദ്രന്‍ അലങ്കാര ചെടികടയ്ക്കുളളില്‍ വച്ച് വിനീതയെ കുത്തി കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപവന്‍ തൂക്കമുളള സ്വര്‍ണമാല കവരുന്നതിനായിരുന്നു കൊലപാതകം നടത്തിയത്. സമാനരീതിയില്‍ തമിഴ്‌നാട് വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ വളര്‍ത്തുമകള്‍ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് പ്രതി വിനീതയെ കൊലപ്പെടുത്തിയത്.

ഭര്‍ത്താവ് ഹൃദ്രോഗബാധിതനായി മരിച്ചതിനെ തുടര്‍ന്ന് ജീവിക്കാന്‍ മറ്റ് മാര്‍ഗം ഇല്ലാതെ വന്നപ്പോഴാണ് വിനീത പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പന ശാലയില്‍ ജോലിക്ക് വന്ന് തുടങ്ങിയത്‌. ചെടി വാങ്ങാന്‍ എന്ന വ്യാജേന കടയിലെത്തിയ രാജേന്ദ്രന്‍ ചെടികള്‍ കാണിച്ചു കൊടുത്ത വിനീതയെ പുറകില്‍ നിന്ന് വട്ടം ചുറ്റി പിടിച്ച് കഴുത്തില്‍ കത്തി കുത്തി ഇറക്കുകയായിരുന്നു. നിലവിളിക്കാന്‍ പോലും കഴിയാത്തവിധം സ്വനപേടകത്തില്‍ ആഴത്തില്‍ മുറിവ് ഉണ്ടാക്കുന്നതാണ് രാജേന്ദ്രന്റെ കൊലപാതക രീതി. വിനീതയെ കൊലപ്പെടുത്തിയ ശേഷം തമിഴ്‌നാട്ടിലെ കാവല്‍ കിണറിന് സമീപത്തെ ലോഡ്ജിൽ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഫെബ്രുവരി 11 ന് പേരുർക്കട സിഐവി സജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

STORY HIGHLIGHT: ambalamukku vineetha murder case