കൊച്ചി: മാസം തോറും ഒന്നാം തിയതികളിലുണ്ടായിരുന്ന ഡ്രൈ ഡേകളില്‍ മദ്യം വിളമ്പാന്‍ ഏകദിന പെര്‍മിറ്റ് അനുവദിക്കുന്നതടക്കം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച മദ്യനയത്തെ സ്വാഗതം ചെയ്ത് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ പുതിയ മൈസ്- ഡെസ്റ്റിനേഷന്‍ വെഡിംഗ് ടൂറിസം ഉദ്യമങ്ങള്‍ക്ക് ഏറെ കരുത്തു പകരുന്ന തീരുമാനമാണിതെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ് ചൂണ്ടിക്കാട്ടി.
മീറ്റിംഗ്സ് ഇന്‍സെന്‍റീവ്സ്, കോണ്‍ഫറന്‍സസ് ആന്‍ഡ് എക്സിബിഷന്‍സ് എന്നിവയാണ് പൊതുവെ മൈസ് (എംഐസിഇ) ടൂറിസം എന്ന് വിശേഷിപ്പിക്കുന്നത്.
മദ്യനയത്തിലെ ഇളവുകള്‍ കെടിഎം സൊസൈറ്റിയുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. മൈസ് ടൂറിസത്തിന് ഏറെ സാധ്യതയുള്ള കേരളത്തില്‍ പ്രധാന വിലങ്ങ് തടിയായിരുന്നത് അപ്രായോഗികമായ മദ്യനയമായിരുന്നു. കഴിഞ്ഞ കേരള ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന്‍റെ പ്രധാന ഊന്നല്‍ മൈസ് ടൂറിസത്തിലായിരുന്നു. ഇതിന്‍റെ സുഗമമായ മുന്നോട്ടു പോക്കിന് മദ്യനയത്തിലുള്ള ഇളവ് പ്രധാന ഘടകമായിരുന്നുവെന്ന് മാര്‍ട്ടില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നതായും ജോസ് പ്രദീപ് ചൂണ്ടിക്കാട്ടി.
ത്രിസ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകള്‍, ഹെറിറ്റേജ്, ക്ലാസിക് റിസോര്‍ട്ടുകള്‍ എന്നിവയ്ക്കാണ് ഏകദിന പെര്‍മിറ്റോടെ ഒന്നാം തിയതികളിലുള്ള ഡ്രൈ ഡേയില്‍ മദ്യം വിളമ്പാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മൈസ് ടൂറിസം പോലെ കഴിഞ്ഞ കെടിഎമ്മില്‍ പ്രധാന ഊന്നല്‍ നല്‍കിയിരുന്നത് ക്രൂസ് ടൂറിസത്തിനാണെന്ന് കെടിഎം ഓണററി സെക്രട്ടറി എസ് സ്വാമിനാഥന്‍ പറഞ്ഞു. ആഡംബര കപ്പലുകളിലും മദ്യം വിളമ്പാന്‍ അനുമതി നല്‍കിയ തീരുമാനം ഈ മേഖലയിലും ഊര്‍ജ്ജം പകരുമെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസായ-ഐടി പാര്‍ക്കുകളിലും മദ്യവിളമ്പാന്‍ പുതിയ നയം വഴി തീരുമാനിച്ചിട്ടുണ്ട്. മൈസ് ടൂറിസത്തിന്‍റെ ഏറ്റവും വലിയ സാധ്യതയാണ് വാണിജ്യ സമ്മേളനങ്ങളും അന്താരാഷ്ട്ര ഉച്ചകോടികളും. മദ്യനയത്തില്‍ വ്യവസായ-ഐടി പാര്‍ക്കുകളില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ മൈസ് ടൂറിസത്തെ പരോക്ഷമായി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.