മലപ്പുറം: ഡിജിറ്റൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ കോട്ടയം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം തലപ്പലം, അഞ്ഞൂറ്റിമംഗലം കുന്നുംപുറത്ത് ആൽബിൻ ജോണി(34)നെയാണ് മലപ്പുറം സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണെന്നും മുംബൈ ക്രൈം ബ്രാഞ്ചിൽ രജിസ്റ്റർ ചെയ്ത കേസിലേക്ക് ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയാണെന്ന് ഭീഷണിപ്പെടുത്തി എടപ്പാൾ സ്വദേശിനിയിൽ നിന്നും 93 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇയാള്‍ക്കൊപ്പം കൂട്ടുപ്രതികളുമുണ്ട്.
വിവിധ നമ്പറുകളിൽ നിന്നും പരാതിക്കാരിയുടെ മൊബൈലിലേക്ക് വിളിച്ച പ്രതികൾ, പരാതിക്കാരിക്കെതിരെ മുബൈയില്‍ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ ഉപയോഗിക്കുന്ന നമ്പർ വിവിധ കേസുകളിൽ ഉൾപ്പെട്ട നമ്പർ ആണെന്നും നിലവിലുള്ള മൊബൈല്‍ നമ്പര്‍ ഉടനെ ഡിസ്കണക്ട് ആകും എന്നും ഭീഷണിപ്പെടുത്തുകയും പോലീസ് ഓഫീസറുടെ വേഷത്തില്‍ വാട്സാപ്പിലൂടെ വീഡിയോ കോൾ ചെയ്ത് പരാതിക്കാരിയോട് ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെടുകയും അവർ കേസിൽ ഉൾപ്പെട്ടതിന് തെളിവുകളുണ്ടെന്നും അറസ്റ്റ് വാറണ്ട് നിലവിലുള്ളതായും പരാതിക്കാരിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമെന്ന് പറയുകയും ചെയ്യുകയായിരുന്നു.
പല പ്രാവശ്യം പ്രതികൾ വീഡിയോ കോളുകളും വോയിസ് കോളുകളും ചെയ്ത് പരാതിക്കാരിയെ ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരന്തരം പണം ആവശ്യപ്പെടുകയും ചെയ്തു. കേസ് അവസാനിപ്പിക്കുന്നതിനും എൻഒസി നൽകുന്നതിനുമാണ് പണം ആവശ്യപ്പെടുന്നതെന്ന് പറഞ്ഞ് പരാതിക്കാരിയെ മാനസികമായി നിരന്തരം ഭീഷണിപ്പെടുത്തുകയും ഭീതിമൂലം പരാതിക്കാരി തന്റെ കൈവശമുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പ്രതികൾ നൽകിയ വിവിധ അക്കൗണ്ട് നമ്പറുകളിലേക്ക് തൊണ്ണൂറ്റിമൂന്ന് ലക്ഷം രൂപ അയച്ച് കൊടുക്കുകയും ചെയ്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈഎസ്പി വി. ജയചന്ദ്രന്റെ മേല്‍നോട്ടത്തില്‍, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ചിത്തരഞ്ജന്‍. ഐ സിയുടെ നേതൃത്വത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ സൈബര്‍ പോലീസ് ടീം എസ്.ഐമാരായ അബ്ദുല്‍ ലത്തീഫ്, നജുമുദ്ധീന്‍. കെ.വി.എം, എ.എസ്.ഐ റിയാസ് ബാബു, സി.പി.ഒ മാരായ കൃഷ്ണേന്ദു, മന്‍സൂര്‍ അയ്യോളി, റിജില്‍ രാജ്, വിഷ്ണു ശങ്കര്‍, ജയപ്രകാശ്, എന്നിവര്‍ നടത്തി അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
content highlight: malappuram-cyber-fraud-arrest