തൃശ്ശൂര്‍ മാള കീഴൂരിലെ ആറ് വയസുകാരനായ ആബേലിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആബേലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് കുളക്കരയിലേക്ക് കൊണ്ടുപോയത്. പ്രകൃതിവിരുദ്ധ പീഡനത്തിനായി ഇറക്കിയ ശേഷം കുളത്തിലേക്ക് തള്ളിയിട്ടു. കരക്ക് കയറാൻ മൂന്ന് തവണ ആറ് വയസ്സുകാരൻ ശ്രമിച്ചെങ്കിലും പ്രതി പിടിച്ച് തള്ളുകയായിരുന്നു.
കുഴൂര്‍ സ്വര്‍ണപള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകൻ ആബേലിനെയാണ് വീടിനടുത്തുള്ള കുളത്തിലാണ് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് ആറോടെ വീടിന് സമീപത്തുനിന്നാണ് ഏബലിനെ കാണാതായത്. താനിശ്ശേരി സെന്റ് സേവ്യേഴ്സ് സ്കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ആബേല്‍.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. കൊലപാതകത്തിൽ പ്രതി ജോജോയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകം, പോക്സോ, തട്ടിക്കൊണ്ട് പോകൽ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.