ലോകം കാണണമെന്ന ഉറക്കം കെടുത്തിയ സ്വപ്നത്തിന് വേണ്ടി പരിശ്രമിക്കുന്ന സഞ്ചാരിയായ ബാക്ക് പാക്കർ അരുണിമ എല്ലാവർക്കും പരിചിതയാണ്. ചിരിച്ചു പ്രസന്നവതിയായി ഓരോ വീഡിയോയിലുമെത്തുന്ന അരുണിമയ്ക്ക് വലിയൊരു ആരാധക സമൂഹം തന്നെയുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങൡലൂടേയും യൂറോപ്യന്‍ രാജ്യങ്ങളിലൂടേയുമെല്ലാം ലിഫ്റ്റ് ചോദിച്ചും ട്രെയ്നിലും ബസിലുമൊക്കെയായി യാത്ര ചെയ്യുന്ന അരുണിമ സ്വപ്നത്തിനു പിറകെ മാത്രമെ പോകാവു എന്നാണ് ആവർത്തിച്ചു പറയുന്നത്. എന്നാൽ ഇപ്പോഴിതാ ഏറ്റവും പുതിയ വീഡിയോയിൽ പൊട്ടികരയുകയാണ് അരുണിമ. അമേരിക്കയിൽ മലയാളികളുടെ പക്കൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവമാണ് വീഡിയോയിൽ. തന്നെ ഒരു വീട്ടില്‍ നിന്നും രാത്രി ഇറക്കി വിട്ടുവെന്നാണ് അരുണിമ പറയുന്നത്. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനൊരു അനുഭവമെന്നാണ് അരുണിമ പറയുന്നത്.
അരുണിമയുടെ വാക്കുകൾ….
ഞാനിപ്പോള്‍ നില്‍ക്കുന്നത് യുഎസിലെ ന്യൂജേഴ്സിയിലാണ്. ഈ വീട്ടിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. നാല് വര്‍ഷമായി എനിക്കറിയുന്ന ജോര്‍ജ് എന്ന ആളുടെ വീടാണ്. അദ്ദേഹം ഭയങ്കര പാവമായിരുന്നു. അദ്ദേഹത്തിന്റെ മക്കളുടെ വീട്ടിലാണ് താമസിക്കുന്നത്. ആള് വലിഞ്ഞു കയറി വന്നത് പോലെയാണ് ഇവിടെ താമസിക്കുന്നത്. അത് എനിക്ക് അറിയില്ലായിരുന്നു. എന്നെ സ്നേഹത്തോടെ വിളിച്ചു. എന്റെ വീഡിയോ കാണുന്നവര്‍ക്ക് അറിയാം, ഞാന്‍ അങ്ങനെ ഒരുപാട് വീടുകളില്‍ പോയി താമസിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇവിടേയും വന്നത്.
അമേരിക്കയില്‍ വന്ന രണ്ടാമത്തെ ദിവസമാണ്. ഇങ്ങനൊരു സംഭവമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. അദ്ദേഹമാണ് എന്നെ എയര്‍പോര്‍ട്ടില്‍ വന്ന് സ്വീകരിച്ചതും ന്യൂയോര്‍ക്ക് സിറ്റി കറങ്ങാന്‍ കൂടെ വന്നതുമെല്ലാം. എന്നോട് ഭയങ്കര സ്നേഹമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മക്കളും മക്കളുടെ മക്കളും അദ്ദേഹത്തെ ട്രീറ്റ് ചെയ്യുന്നത് അങ്ങനല്ല. 20 വയസുള്ള ഒരു കുട്ടിയാണ് എന്നോട് വന്ന് സംസാരിച്ചത്. ഇവിടെ നില്ക്കാന് പറ്റില്ലെന്ന് പറഞ്ഞു. രാത്രി പന്ത്രണ്ട് മണിയാണ് സമയം. ഞാന്‍ അപ്പോള്‍ തന്നെ ഇറങ്ങി. എങ്ങോട്ട് പോകണമെന്ന് അറിയില്ല. അറിയുന്ന ആളുകളെ ഈ രാത്രി വിളിച്ച് ബുദ്ധിമുട്ടിക്കാനും പറ്റില്ല.
അദ്ദേഹം ഭയങ്കര പാവമാണ്. സ്വന്തം അമ്മയുടെ അച്ഛന് വാടക കൊടുത്താണ് ഇവിടെ താമസിക്കുന്നതെന്നാണ് അവര്‍ പറഞ്ഞത്. ഇവിടുത്തെ സംസ്കാരം അങ്ങനെയാകും. എന്നെ ഇറക്കി വിട്ടതിലല്ല വിഷമം. അദ്ദേഹം എന്നോട് അത്രയും സ്നേഹത്തിലാണ് സംസാരിച്ചത്. എഴുപത് വയസുണ്ട്. എന്നിട്ടും എന്റെ കൂടെ ന്യൂയോര്ക്കിലെല്ലാം വന്നു. സ്വന്തം മകളുടെ വീട്ടില്‍ അദ്ദേഹം ഇങ്ങനാണ് കഴിയുന്നതൊന്നും അറിയില്ലായിരുന്നു. നാല് വര്‍ഷമായി എനിക്ക് അറിയുന്നതാണ്. മക്കളും കൊച്ചുമക്കളും ഇങ്ങനെ കാണിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു എന്നും താരം പറയുന്നു.
ഇവിടെ ഇപ്പോള്‍ മഴയാണ്. ആറ് ഡിഗ്രിയാണ് തണുപ്പ്. എന്ത് ചെയ്യണമെന്ന് അറിയില്ല. ഇതുവരെ ജീവിതത്തില്‍ ഇങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല. ഭയങ്കര ബുദ്ധിമുട്ട് തോന്നുകയാണ്. എന്തോരം വീടുകളില്‍ പോയി താമസിച്ചിട്ടുണ്ട്. അവരൊക്കെ സ്വന്തം കുടുംബത്തിലെ ഒരാളെന്ന പോലെയാണ് എന്നെ കണ്ടിരുന്നത്. പറഞ്ഞിട്ടുകാര്യമില്ല. അദ്ദേഹം തന്നെ ആ വീട്ടില്‍ അങ്ങനെയാണ് താമസിക്കുന്നത്. ഞാന്‍ വരുന്ന കാര്യം മക്കളോടും കൊച്ചുമക്കളോടും പറഞ്ഞിട്ടുണ്ടായിരുന്നില്ല. അത് ഞാന്‍ ഇപ്പോഴാണ് അറിയുന്നതെന്നും അരുണിമ പറയുന്നു.
ഇവിടെ വീടില്ലാതെ കിടക്കുന്ന ഒരുപാട് ആളുകളുണ്ട്. അതുപോലെയാണ് എന്റെ അവസ്ഥ. അടുത്തൊന്നും ഹോട്ടലില്ല. റെയില്‍വെ സ്റ്റേഷനിലേക്ക് തന്നെ ഒരുപാട് ദൂരമുണ്ട്. എക്സ്പ്രസ് ട്രെയ്നില്‍ പോയാല്‍ പോലും ന്യൂയോര്‍ക്കിലെത്താന്‍ അരമണിക്കൂറെടുക്കും. ഇതുപോലൊരു അനുഭവം ആദ്യമാണ്. എന്നെ ഇറക്കി വിട്ടത് അദ്ദേഹം അറിഞ്ഞിരുന്നില്ല. പിള്ളേരാണ് എന്നെ ഇറക്കി വിട്ടത്. അദ്ദേഹം താമസിക്കുന്നത് തന്നെ ഗോഡൗണ്‍ പോലൊരു റൂമിലാണെന്നും താരം പറയുന്നുണ്ട്.
പിന്നീട് വീഡിയോയില്‍ കാണുന്നത് ഒരു കാറില്‍ സഞ്ചിരിക്കുന്ന അരുണിമയെയാണ്. താന്‍ റോഡില്‍ ഇരുന്ന് കരയുന്നത് കണ്ട ഒരു മെക്സിക്കോക്കാരന് വണ്ടി നിര്‍ത്തി കാര്യം ചോദിച്ചു. സംഭവിച്ചത് പറഞ്ഞപ്പോള്‍ രാത്രി ഇവിടെ ഇരിക്കുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് തന്നെ അടുത്ത് റൂം കിട്ടുന്ന സ്ഥലത്തേക്ക് അദ്ദേഹം എത്തിച്ചുവെന്നാണ് അരുണിമ പറയുന്നത്. പിന്നീട് അദ്ദേഹം തന്നെ തനിക്ക് റൂമെടുത്ത് തന്നുവെന്നും താരം പറയുന്നുണ്ട്.
content highlight: Back Packer Arunima