തിരുവനന്തപുരം പാലോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയ ബ്രെത്തലൈസര്‍ വിവാദത്തിൽ ഡ്രൈവര്‍ ജയപ്രകാശ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. കെഎസ്ആര്‍ടിസി മെഡിക്കല്‍ ഓഫീസറുടെ പരിശോധനയിലാണ് മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തിയത്. ബ്രെത്തലൈസ റിൽ മദ്യപിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജയപ്രകാശിനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു.
താന്‍ ജീവിതത്തില്‍ ഇതുവരെയും മദ്യപിച്ചിട്ടില്ല എന്നായിരുന്നു ജയപ്രകാശിന്റെ വാദം. രാവിലെ ബസ് ഓടിക്കാന്‍ വന്നപ്പോഴാണ് ബ്രെത്തലൈസര്‍ ഉപയോഗിച്ച് ഊതിച്ചത്. മെഷീനില്‍ സിഗ്നല്‍ 16 കാണിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തി. താന്‍ ജീവിതത്തില്‍ ഇതുവരെയും മദ്യപിച്ചിട്ടില്ലെന്നും കഴിഞ്ഞ രണ്ടാഴ്ചയായി ഈ മെഷീന് തകരാറിലാണ് എന്നും ജയപ്രകാശ് അധികൃതരെ അറിയിച്ചു. വീണ്ടും ഊതാന്‍ അവസരം തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്റ്റേഷന് മാസ്റ്റര്‍ അനുവദിക്കാഞ്ഞതോടെ ജയപ്രകാശ് കുടുംബവുമായി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി ഉപവാസം തുടങ്ങിയത്.
മെഷീന് തകരാറിലാണെന്നും തനിക്ക് മെഡിക്കല്‍ ടെസ്റ്റ് നടത്താനുള്ള അനുമതി നല്‍കണമെന്നും കൂടാതെ പാലോട് പോലീസ് സ്റ്റേഷനില്‍ ജയപ്രകാശ് പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസി മെഡിക്കല്‍ ഓഫീസര്‍ ജയപ്രകാശിനെ പരിശോധിച്ചത്. പരിശോധനയില്‍ ജയപ്രകാശ് മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തുകയായിരുന്നു. ഇദ്ദേഹം കഴിക്കുന്ന മരുന്നുകളുടെയടക്കം വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു. ഈ മരുന്നുകളുടെ കൂടി പരിശോധനാ ഫലങ്ങള്‍ പരിഗണനയില്‍ എടുത്തുകൊണ്ടാണ് ജയപ്രകാശ് മദ്യപിച്ചിട്ടില്ല എന്ന നിഗമനത്തില്‍ കെഎസ്ആര്‍ടിസി എത്തിയത്.
STORY HIGHLIGHT: ksrtc breath analyser issue