India

കമിതാക്കള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം; സംസ്ഥാനത്ത് വെച്ചുപൊറുപ്പിക്കില്ലെന്ന് കര്‍ണാടക മന്ത്രി – moral policing in bengaluru

അക്രമികളില്‍ ചിലര്‍ യുവാവിനെ കൈയില്‍ കരുതിയിരുന്ന വടി ഉപയോഗിച്ച് തല്ലുന്നതും കാണാം

ബെംഗളൂരുവിലെ പാര്‍ക്കിന് മുന്നിൽ കമിതാക്കള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്നും ഇത് യുപിയോ ബിഹാറോ മധ്യപ്രദേശോ അല്ലെന്നും കര്‍ണാടക മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ വ്യക്തമാക്കി.

ഇരുചക്രവാഹത്തില്‍ ഇരിക്കുകയായിരുന്നു കമിതാക്കള്‍. ഇരുവരും മുഖത്തോട് മുഖംനോക്കിയിരുന്നാണ് സംസാരിച്ചിരുന്നത്. ഇവരുടെ ദൃശ്യം ചിത്രീകരിച്ചുകൊണ്ടാണ് സദാചാര വാദികള്‍ സംഭവസ്ഥലത്തേക്ക് എത്തിയത്. നിങ്ങള്‍ക്ക് നാണമില്ലേ. ഇവള്‍ അന്യമതസ്ഥയാണെന്ന് നിനക്ക് അറിയില്ലേ. പിന്നെ എന്ത് ധൈര്യത്തിലാണ് ഇവളുമായി പൊതുസ്ഥലത്ത് സംസാരിച്ചിരിക്കുന്നത്. അക്രമികള്‍ ഇരുവരോടും ആക്രോശിക്കുന്നത് പുറത്ത് വന്ന വീഡിയോയിലൂടെ കാണാം. അക്രമികളില്‍ ചിലര്‍ യുവാവിനെ കൈയില്‍ കരുതിയിരുന്ന വടി ഉപയോഗിച്ച് തല്ലുന്നതും കാണാം.

സംഭവത്തില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് വീഡിയോയിലുള്ള അഞ്ച് യുവാക്കളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വേറെ എന്തെങ്കിലും വിഷയമാണോ സംഭവത്തിലേക്ക് നയിച്ചത് എന്നും അന്വേഷിച്ച് വരുന്നുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

STORY HIGHLIGHT: moral policing in bengaluru