India

ഗവർണർ തടഞ്ഞുവെച്ച 10 ബില്ലുകള്‍ നിയമമാക്കി തമിഴ്നാട്; നടപടി സുപ്രീംകോടതി ഉത്തരവിന് പിന്നാലെ

സുപ്രീം കോടതി വിധിക്ക് പിന്നാലെ ചരിത്ര നീക്കവുമായി തമിഴ്നാട് സർക്കാർ. ഗവർണറുടെ അനുമതിയില്ലാതെ ബില്ലുകൾ നിയമമാക്കി. ഇതാദ്യമായാണ് ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പ് ഇല്ലാതെ ബില്ലുകൾ നിയമമാകുന്നത്.

പത്തുബില്ലുകൾ തടഞ്ഞുവെച്ച തമിഴ്‌നാട് ഗവർണർ ആർ എൻ രവിയുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഈ ബില്ലുകൾക്ക് ഗവർണറുടെ അനുമതി ലഭിച്ചതായി കണക്കാക്കുമെന്നും അതിന്മേൽ രാഷ്ട്രപതി സ്വീകരിച്ചേക്കാവുന്ന നടപടികൾക്ക് നിയമസാധുതയുണ്ടാവില്ലെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ ഗവർണർ ആർ എൻ രവി തടഞ്ഞുവെച്ച 10 ബില്ലുകളാണ് ഇപ്പോൾ നിയമമായിരിക്കുന്നത്. സുപ്രീം കോടതി വിധി വെബ് സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത് വരെ തമിഴ്നാട് സർക്കാർ കാത്തിരുന്നു. ഇന്ന് പുലർച്ചെയോടെ വിധി അപ്ലോഡ് ചെയ്തു.

തൊട്ടുപിന്നാലെ തന്നെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ബില്ലുകളെല്ലാം നിയമമായി എന്ന അറിയിപ്പാണ് ഉണ്ടായിരിക്കുന്നത്. ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പില്ലാതെ ഇത്തരത്തിൽ ബില്ലുകൾ നിയമമാകുന്നത് ആദ്യമായിട്ടാണ്.