വാർത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അശ്ലീല കമന്റടിച്ച് ഒമ്പതുകാരന്‍. ഇതിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തക മിഷേല്‍ മാക്കിക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കനേഡിയന്‍ ടെലിവിഷന്‍ ചാനലായ സിറ്റിന്യൂസ് ടൊറന്റോയിലെ മാധ്യമപ്രവര്‍ത്തകയാണ് മിഷേല്‍ മാക്കിക്ക്. സംഭവ സമയം കുട്ടിയുടെ പിതാവും ഒപ്പമുണ്ടായിരുന്നുവെന്നും മിഷേല്‍ പറഞ്ഞു.
ഇന്റര്‍നെറ്റില്‍ കുപ്രസിദ്ധമായ ഒരു മീമില്‍ നിന്നുള്ള അശ്ലീല പ്രയോഗമാണ് ഒമ്പതുകാരന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ നടത്തിയത്. ‘വാര്‍ത്താ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഞാന്‍ സാക്ഷ്യം വഹിച്ച ഏറ്റവും ആശങ്കാജനകമായ കാര്യങ്ങളിലൊന്നാണ് ഇത്. കാണാന്‍ എട്ടോ ഒമ്പതോ വയസ് തോന്നിക്കുന്ന ഒരുകുട്ടിയാണ് എന്നെ നോക്കി ഇങ്ങനെ ആക്രോശിച്ചത്. അവന്റെ അച്ഛനും ഒപ്പമുണ്ടായിരുന്നു. കുട്ടി ഇത് പറഞ്ഞശേഷം അവര്‍ ചിരിച്ചുകൊണ്ട് നടന്നുപോയി. എന്നെ ഒരു മനുഷ്യനായി കണ്ടുകൊണ്ട് ഒന്നുകൂടെ ആ കമന്റ് പറയാമോ എന്ന് അവരുടെ കണ്ണുകളില്‍ നോക്കി എനിക്ക് ചോദിക്കണമെന്നുണ്ട്. അവര്‍ ചിരിച്ചുകൊണ്ട് എന്റെ നേരെ തംബ്‌സ് അപ്പ് കാണിച്ചുകൊണ്ട് നടന്നുനീങ്ങുകയാണ് ചെയ്തത്. നിങ്ങള്‍ക്കിതൊരു തമാശയായിരിക്കും. പക്ഷേ ആ വാക്കുകളുടെ അര്‍ഥം എന്താണെന്ന് അറിയാമോ? നിങ്ങള്‍ സ്‌നേഹിക്കുന്ന ഒരാളോട് ഇങ്ങനെ പറയുമോ? ഈ ഭയാനകമായ പ്രവണത അവസാനിച്ചുവെന്നാണ് ഞാന്‍ കരുതിയിരുന്നത്.’ വീഡിയോ പങ്കുവെച്ചുകൊണ്ട് മിഷേല്‍ കുറിച്ചു.
View this post on Instagram
കുട്ടിയുടെ കമന്റ് മാത്രമല്ല, കൂടെയുണ്ടായിരുന്ന മുതിര്‍ന്നയാളുടെ പ്രതികരണവും തന്നെ നടുക്കിയെന്ന് മിഷേല്‍ പറഞ്ഞു. മിഷേലിന്റെ പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
STORY HIGHLIGHT: journalist shares video of 9 year old boy