ഇഡി നെഹ്രുകുടുംബത്തെ വിടാതെ പിടിമുറുക്കിയിരിക്കുകയാണ്. കേന്ദ്രം ഇഡിയെ കരുവാക്കി പ്രതിപക്ഷത്ത വേട്ടയാടുകായണ് ആരോപണം ഉയരുന്നതിനിടയിൽ ഹരിയാന ഭൂമി ഇടപാട് കേസിൽ റോബർട്ട് വാദ്രയ്ക്ക് ഇഡി സമൻസ് അയച്ചിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് വാദ്രയ്ക്ക് സമൻസ് അയക്കുന്നത്. ഏപ്രിൽ 8 ന് പുറപ്പെടുവിച്ച ആദ്യ സമൻസ് വാദ്ര ഇതിനകം തന്നെ ഒഴിവാക്കിയിരുന്നു. വാദ്രയുടെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കുന്നതിനാൽ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടത്. 2008 ഫെബ്രുവരിയിൽ വാദ്രയുടെ കമ്പനി ഗുഡ്ഗാവിലെ ഷിക്കോഫൂരിൽ 3.5 ഏക്കർ സ്ഥലം ഓംകാരേശ്വർ പ്രോപ്പർട്ടീസിൽ നിന്ന് 7.5 കോടി രൂപയ്ക്ക് വാങ്ങിയതായി ഇഡി പറയുന്നു.തുടർന്ന് വാദ്രയുടെ കമ്പനി ആ ഭൂമി 58 കോടി രൂപയ്ക്ക് റിയൽ എസ്റ്റേറ്റ് ഭീമനായ ഡിഎൽഎഫിന് വിറ്റു. ഈ വരുമാനം ഒരു കള്ളപ്പണ പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നതിനാൽ, അപ്രതീക്ഷിത നേട്ടങ്ങൾക്ക് പിന്നിലെ പണമിടപാട് കേന്ദ്ര ഏജൻസി അന്വേഷിക്കുന്നു.അതേസമയം ഇ.ഡി. അയച്ച സമൻസ് ഒരു വേട്ടയും രാഷ്ട്രീയ പകപോക്കലുമാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര വിശേഷിപ്പിച്ചത്.
നെഹ്രു കുടുംബത്തിൽ സോണിയയും രാഹുലും ഇഡു നടപടി നേരിട്ട് കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് നേതാക്കളെ വിടാതെ പിന്തുടരുന്ന കേന്ദ്ര ഏജൻസിയുടെ നടപടി വിമർശനം ഉയർത്തുന്നുണ്ട്. നാഷണൽ ഹെറാൾഡ്കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആരംഭിച്ച് കഴിഞ്ഞു.നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ ഏറ്റെടുത്തതിലൂടെ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് കേസിന്റെ അടിസ്ഥാനം.സോണിയയുടെയും രാഹുൽ ഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യൻ ലിമിറ്റഡ് (YIL) ഏറ്റെടുത്ത അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (AJL) ആസ്തികൾ സ്ഥിതി ചെയ്യുന്ന ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ പ്രോപ്പർട്ടി രജിസ്ട്രാർമാർക്ക് ഏപ്രിൽ 11 ന് കേന്ദ്ര അന്വേഷണ ഏജൻസി നോട്ടീസ് അയച്ചിരുന്നു.
2,000 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കളുടെ നിയന്ത്രണം നേടുന്നതിനായി യംഗ് ഇന്ത്യൻ എജെഎല്ലിന്റെ ആസ്തികൾ “ദുരുദ്ദേശ്യപരമായ രീതിയിൽ” ഏറ്റെടുത്തുവെന്ന് പ്രാഥമിക പരാതി നൽകിയ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നു. എജെഎല്ലിന്റെ ആസ്തികളുമായി ബന്ധപ്പെട്ട 988 കോടി രൂപയുടെ കുറ്റകൃത്യ വരുമാനം വെളുപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇഡിയുടെ നടപടി.
സ്വത്തുക്കളുടെ നേരത്തെയുള്ള താൽക്കാലിക കണ്ടുകെട്ടൽ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി അടുത്തിടെ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടികൾ ആരംഭിച്ചത് .2023 നവംബറിൽ, ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളും 90.2 കോടി രൂപ വിലമതിക്കുന്ന എജെഎൽ ഓഹരികളും ഇഡി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു. ഏപ്രിൽ 10 ന് ഈ കണ്ടുകെട്ടൽ സ്ഥിരീകരിച്ചു.മുംബൈയിലെ ഹെറാൾഡ് ഹൗസിലെ മൂന്ന് നിലകളിലെ നിലവിലെ താമസക്കാരായ ജിൻഡാൽ സൗത്ത് വെസ്റ്റ് പ്രോജക്ട്സിന് പ്രത്യേക നോട്ടീസ് നൽകിയിട്ടുണ്ട്. ഭാവിയിലെ എല്ലാ വാടക പേയ്‌മെന്റുകളും ഇഡിയിൽ നേരിട്ട് നിക്ഷേപിക്കാൻ കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
കോൺഗ്രസ് നേതൃത്വം ഉൾപ്പെട്ട സങ്കീർണ്ണമായ രാഷ്ട്രീയ-സാമ്പത്തിക അവിശുദ്ധ ബന്ധത്തിലൂടെയാണ് സ്വത്തുക്കൾ നിയമവിരുദ്ധമായി സമ്പാദിച്ചതെന്നും വെളുപ്പിച്ചതെന്നുമാണ് ഏജൻസി ആരോപണം.
കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്ന ഈ കേസ് ആരംഭിക്കുന്നത്ഡൽഹി കോടതിയിൽ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ ക്രിമിനൽ പരാതിയിൽ നിന്നാണ്. എന്നാൽ 2021 ലാണ് കേസ് ഇഡി ഏറ്റെടുക്കുന്നത്.സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്ന് യംഗ് ഇന്ത്യൻ വഴി 50 ലക്ഷം രൂപയ്ക്ക് എ.ജെ.എല്ലിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തതായാണ് പരാതിയിൽ പരാതിയിൽ പറയുന്നത്.
നിയമപരമായ വെല്ലുവിളികൾ ഏറെ ഉണ്ടായിരുന്നെങ്കിലും ഡൽഹി ഹൈക്കോടതിയും സുപ്രീം കോടതിയും അന്വേഷണം തുടരാൻ അനുവദിച്ചു. അന്വേഷണത്തിനിടെ, ഇ.ഡി. ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡുകളും പിടിച്ചെടുക്കലുകളും നടത്തി, സാമ്പത്തിക ക്രമക്കേടുകളുടെ കൂടുതൽ തലങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന രേഖകൾ കണ്ടെത്തിയതായി അവകാശപ്പെട്ടു.വ്യാജ സംഭാവനകളിലൂടെ 18 കോടി രൂപയുടെ അനധികൃത ഫണ്ട് സമാഹരിക്കുന്നതിനും 38 കോടി രൂപയുടെ മുൻകൂർ വാടകയും പരസ്യങ്ങളിലൂടെ 29 രൂപയും സമാഹരിക്കുന്നതിനും എജെഎൽ-യങ് ഇന്ത്യൻ നെറ്റ്‌വർക്ക് ഉപയോഗിച്ചതായി ഏജൻസി ആരോപിക്കുന്നു.ഈ ആസ്തികളുടെ തുടർച്ചയായ ഉപയോഗം, കൂടുതൽ ഉത്പാദനം എന്നിവ തടയുക എന്നതാണ് ഇപ്പോഴത്തെ നീക്കത്തിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ കേന്ദ്രം ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നാണ് കോൺഗ്രസിന്റെ നിലപാട്. രാഹുലിനൊപ്പം പ്രിയങ്കയും രാഷ്ട്രീയത്തിൽ സജീവമാകാനിരിക്കെയാണ് ഇഡിയുടെ ഈ നീക്കം. ഇന്ത്യയിലെ തന്നെ വലിയ രാഷ്ട്രീയ കുടുംബത്തിൽ ഇത്തരത്തിലൊരു നിയമകുരുക്ക് വന്നത് ആഗോളതലത്തിൽ തന്നെ ചർച്ചയാകുന്നുണ്ട്. നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിദ് കെജ്രിവാളിനും നിയമകുരുക്കിൽ പുറതേതക്ക് പോകേണ്ടി വന്നിരുന്നു. അതിനാൽ തന്നെ കേന്ദ്രം വ്യവസ്ഥിതികൾ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നുമുണ്ട്.