മദ്യ ലഹരിയിൽ 13 കാരന് മുത്തച്ഛന്റെ ക്രൂര മർദ്ദനം. തിരുവനന്തപുരം നഗരൂർ വെള്ളല്ലൂരിൽ കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. സുഹൃത്തുമായി മദ്യപിക്കുന്നതിനിടെ പെട്ടന്നുണ്ടായ പ്രകോപനത്തെ തുടർന്ന് കുട്ടിയെ മർദ്ദിക്കുകയായിരുന്നു.
തേക്ക് മരത്തിൽ കെട്ടിയിട്ട് കേബിൾ കൊണ്ട് കുട്ടിയെ അടിക്കുകയായിരുന്നു. സ്ഥലത്തെ വാർഡ് മെമ്പർ ഇടപെട്ടാണ് സംഭവം പുറത്ത് കൊണ്ട് വന്നത്. കാലിലും തുടയിലുമായി അടികൊണ്ട നിരവധി പാടുകളാണ് ശരീരത്തിൽ ഉള്ളത്. തന്നെ ക്രൂരമായി അടിച്ചെന്നും അടിവയറ്റിൽ ചവിട്ടിയെന്നും കുട്ടി ചൈൽഡ് വെൽഫെയർ അതോറിറ്റിക്കും പൊലീസിനും മൊഴി നൽകിയിട്ടുണ്ട്.
പരുക്കേറ്റ കുട്ടി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.