ഹൈക്കോടതി അഭിഭാഷകൻ പി ജി മനുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം പിറവത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളുടെ നിരന്തര പ്രേരണയിലാണ് പി.ജി മനു തൂങ്ങിമരിച്ചതെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പി ജി മനുവിൻ്റെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ പകർത്തിയത് ഇയാളെന്നാണ് പൊലീസ് കണ്ടെത്തിയത്.
നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായിരുന്നു മുൻ ഗവൺമെൻ്റ് പ്ലീഡർ കൂടിയായ പി.ജി മനു. കർശന വ്യവസ്ഥയോടെ ജാമ്യത്തിൽ തുടരവെയാണ് മറ്റൊരു യുവതി പിജി മനുവിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർത്തിയ്. തുടർന്ന്പിജി മനു യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതേ തുടർന്നുള്ള മാനസീക സമ്മർദ്ദമാണ് മനുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.