സിനിമ സെറ്റുകളിൽ ലഹരി ഉപയോഗമുണ്ടെന്ന് നേരത്തെ തന്നെ വാർത്തകൽ സജീവമാണ്. എന്നാൽ സിനിമ മേഖലയിലുള്ളവർ ഇതിന് നേരെ കണ്ണടയ്ക്കുകയായിരുന്നു.ഇപ്പോൾ ആരോപണ വിധേയനായ ഷൈൻ ടോെ ചാക്കോ നേരത്തെയും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞു നിന്നതാണ്.2015 ജനുവരി 31-ാം തീയതിയാണ് ലഹരിയുമായി ബന്ധപ്പെട്ട കേസിൽ ഷൈൻ ടോം ചാക്കോ ആദ്യം അറസ്റ്റിലായത്. അന്ന് ഇതിഹാസ എന്ന ചിത്രത്തിൽ നായകനാവുകയും സിനിമ സൂപ്പർ ഹിറ്റായി നിൽക്കുകയും ചെയ്യുന്ന സമയമായിരുന്നു. അന്ന് ചലച്ചിത്രമെഖലയിൽ വാർത്ത കോളിളക്കം സൃഷ്ടിച്ചിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ നടൻ പുറത്ത് വന്നതോടെ എല്ലാം കെട്ടടങ്ങി. പിന്നെ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയും സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് മൊഴി നൽകിയിരുന്നു. സിനിമാതാരങ്ങൾക്കാണ് ലഹരി കൈമാറിയതെന്നാണ് തസ്ലീമയുടെ മൊഴി. സിനിമാതാരങ്ങളുമായുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സൈസിന് ലഭിച്ചിരുന്നു. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.
എന്തായലും ഇപ്പോൾ വിൻസിയുടെ വെളിപ്പെടുത്തലോടെ സിനിമയിലെ ലഹരി വീണ്ടും ചർച്ചയാകുകയാണ്. സിനിമാ സിറ്റുകളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നാണ് എംബി രാജേഷ് പറഞ്ഞത്. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സിനിമാ സെറ്റില് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ പരാതി.
ലഹരി ഉപയോഗിച്ച നടനിൽ നിന്ന് മോശം അനുഭവം. നടി വിൻസി അലോഷ്യസ് പരാതി നൽകിയാൽ നടപടി എന്നാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ പക്ഷം. ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തും. സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം അനുവദിക്കില്ല എന്നും പ്രൊഡ്യൂസഴസ് അസോസിയേഷനും വ്യക്തമാക്കി.
ഷൈൻ ടോം ചാക്കോക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് നിർമാതാവ് സജി നന്ത്യാട്ട് പറഞ്ഞു. പരാതി നൽകാൻ വിൻസിക്ക് ഭയമായിരുന്നു. ഫിലിം ചേംബർ അംഗങ്ങൾ വേണ്ട പിന്തുണ നൽകിയാണ് പരാതി നൽകിയത്.
ലഹരി ഉപയോഗിച്ച് ഇത്തരം പ്രവർത്തനം നടത്തുന്നവരെ അംഗീകരിക്കാൻ കഴിയില്ല. വെറുമൊരു താക്കീത് നടപടി ആകില്ല ഉണ്ടാവുക. സിനിമാ സെറ്റുകളിൽ കയറി പരിശോധന നടത്താൻ പൊലീസ് തയ്യാറാകണം. തിങ്കളാഴ്ച ചേരുന്ന അടിയന്തരയോഗത്തിൽ നടപടി എന്തുവേണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെന്നും സജി വ്യക്തമാക്കി.
എന്നാൽ ഈ നടപടിക്കെല്ലാം വിൻസിയുടെ പരാതി വേണ്ടി വന്നു. നേരത്തെ ഹൈബ്രിഡ് കഞ്ചാവ് കേസ് വന്നപ്പോഴും മറ്റും മിണ്ടാതിരുന്ന സിനിമാ മേഖലയുടെ ആവേശം ഒരു ഷൈൻ ടോം ചാക്കോയിൽ ഒതുങ്ങി പോകരുത്. ഒരുപാട് സംഘടനകളുള്ള സിനിമ മേഖലയ്ക്ക് ലഹരിക്കെതിരെ പടപൊരുതാൻ കഴിഞ്ഞാൽ അത് പൊതു ജനത്തിനും ഒരു പ്രചോദനമായിരിക്കും