വിൻ സി.യുടേത് ധൈര്യപൂര്‍വമായ നിലപാടാണെന്നും നമ്മൾ അത് കേൾക്കണം എന്നും നടി സ്വാസിക വിജയ്. ജോലിസ്ഥലത്ത് ഒരുകാരണവശാലും ഇതുപോലുള്ള കാര്യങ്ങള്‍ ഉണ്ടാകാനേ പാടില്ല. വ്യക്തിപരമായി അവരെന്തും ചെയ്യട്ടെ. പക്ഷേ ജോലിസ്ഥലത്ത് ഇതുപാടില്ല. സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാർക്കും ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടാകും. നിർമാതാക്കളുടെ സംഘടനകളുടെ ഭാഗത്തുനിന്നും ശക്തമായ നടപടി എടുക്കണം. സംവിധായകരും നിർമാതാക്കളുമാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത് എന്നും സ്വാസിക പറഞ്ഞു.
‘‘വിൻ സി. ധൈര്യപൂർവം മുന്നോട്ടു വന്ന് അവരുടെ അനുഭവം തുറന്നു പറയുമ്പോൾ നമ്മളെല്ലാം അതു കേൾക്കണം. അതെന്താണെന്ന് അന്വേഷിക്കുകയും തീർച്ചയായും അതിലുള്ള നടപടികൾ എടുക്കണം. പെൺകുട്ടികൾ ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്നു പറയുന്നില്ല എന്ന് പലപ്പോഴും പലരും പറയാറുണ്ട്. ഇപ്പോൾ ഒരാൾക്കുണ്ടായ അനുഭവം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു.
ഞാൻ ആ സിനിമയുടെ ഭാഗമല്ലാത്തതിനാൽ ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ അറിയില്ല. ഷൈൻ ടോമിന്റെ കൂടെ ജോലി ചെയ്തപ്പോൾ എനിക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടില്ല. ‘വിവേകാനന്ദൻ വൈറലാണ്’ സിനിമയിലാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. കമൽ സർ ആയിരുന്നു സംവിധാനം. കൃത്യസമയത്ത് ഷോട്ടിനു വരികയും എല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്യുന്ന ഒരാളായിരുന്നു.ഷൈനിന്റെ സഹകരണം കൊണ്ടു തന്നെ പറഞ്ഞ ഡേറ്റിൽ ആ സിനിമ തീർക്കുകയും ചെയ്തു. അതുകൊണ്ട് വ്യക്തിപരമായി ഈ വിഷയത്തിൽ കൂടുതൽ പറയാനും പറ്റില്ല. ആ സിനിമയുടെ സെറ്റിൽ എന്താണ് സംഭവിച്ചതെന്നും അറിയില്ല. പക്ഷേ ഒരാൾ ഒരു പരാതി വ്യക്തമായി പറഞ്ഞ സാഹചര്യത്തിൽ അതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മാത്രമേ പറയാന്‍ കഴിയൂ.
ഇതിന്റെ നിയമവശങ്ങൾ അറിയില്ല, പക്ഷേ ഇനി ആരുടെ ഭാഗത്തുനിന്നും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകരുത്. ജോലി സ്ഥലത്ത് ഒരുകാരണവശാലും ഇതുപോലുള്ള കാര്യങ്ങള്‍ ഉണ്ടാകാനേ പാടില്ല. വ്യക്തിപരമായി അവരെന്തും ചെയ്യട്ടെ. പക്ഷേ ജോലിസ്ഥലത്ത് ഇതുപാടില്ല. സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാർക്കും ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടാകും. നിർമാതാക്കളുടെ സംഘടനകളുടെ ഭാഗത്തുനിന്നും ശക്തമായ നടപടി എടുക്കണം. സംവിധായകരും നിർമാതാക്കളുമാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്.’’–സ്വാസികയുടെ വാക്കുകൾ.
Content Highlight: Swasika Vijay Supports Vincy