Kerala

മലയാളികളുടെ സ്റ്റാര്‍ട്ട് അപ്പിനു ജര്‍മന്‍ സർക്കാരിന്റെ ക്ഷണം

കൊച്ചി: ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്ക് വിദേശ തൊഴില്‍ വിപണിയില്‍ മികച്ച അവസരം ഒരുക്കിക്കൊടുക്കുന്ന മലയാളികളുടെ സ്റ്റാര്‍ട്ടപ്പായ ലാൻസ്റ്റിട്യൂട്ട് ‘ബിസിനസ് വിത്ത് ജര്‍മനി’ പ്രോഗ്രാമിലേക്ക് ക്ഷണം. അന്താഷ്ട്രതലത്തില്‍ വ്യാപാര വ്യവസായ രംഗങ്ങളില്‍ സഹകരണം പ്രോത്സാഹപ്പിക്കുകയാണ് ജര്‍മന്‍ ഫെഡറല്‍ മിനിസ്ട്രി ഫോര്‍ എക്കണോമിക് അഫയേഴ്‌സ് ആന്റ് ക്ലൈമറ്റ് ആക്ഷന്റെ സഹായത്തോടെ നടത്തുന്ന ഈ പരിപാടിയുടെ ലക്ഷ്യം.

ഈ വര്‍ഷത്തെ ജര്‍മന്‍ ട്രേഡ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന കേരളത്തില്‍ നിന്നുള്ള ഏക സ്റ്റാര്‍ട്ടപ്പാണ് ലാൻസ്റ്റിട്യൂട്ട്. ഖുബൈബ് അബ്ദുല്‍സലാം, അബ്ദുല്‍ വാഹിദ്, മുര്‍ഷിദ് ഇബ്‌നു റഹ്മാന്‍, യാസീന്‍ ബിന്‍ സലീം എന്നീ മലയാളി യുവാക്കളാണ് ലാൻസ്റ്റിട്യൂട്ടിന്റെ സ്ഥാപകര്‍.

ജര്‍മനി, അമേരിക്ക, ജപ്പാന്‍, ഇറ്റലി, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ തേടുന്ന മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുന്ന ലാൻസ്റ്റിട്യൂട്ട് ഉദ്യോഗാര്‍ഥികള്‍ക്ക് ഭാഷാ പരിശീലനം, സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങള്‍, സാംസ്‌കാരിക പരിചയം തുടങ്ങിയ മേഖലകളില്‍ സേവനം നല്‍കുന്നു.

അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ആഗോള ആതുര സേവന വിപണിയുമായി വിദഗ്ധ പ്രൊഫഷണലുകളെ ബന്ധപ്പെടുത്തുകയാണ് ലാൻസ്റ്റിട്യൂട്ടിന്റെ ദൗത്യം. ആഗോള വിപണിയില്‍ ഈ ദൗത്യം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ ഈ അവസരം സഹായകമാകുമെന്ന് കമ്പനിയുടെ സി.ഇ.ഒ ഖുബൈബ് അബ്ദുല്‍സലാം പറഞ്ഞു.

2030 ഓടെ ഏഴ് ലക്ഷം നഴ്‌സുമാര്‍ക്കാണ് തൊഴിലവസരം പ്രതീക്ഷിക്കുന്ന ജര്‍മനി ഈ സ്റ്റാര്‍ട്ടപ്പിനെ സംബന്ധിച്ചടത്തോളം സുപ്രധാന വിപണിയാണ്. ജര്‍മന്‍ വ്യാപാര പരിപാടിയില്‍ പങ്കെടുക്കുന്നതോടെ ജര്‍മന്‍ ആതുര സേവന സ്ഥാപനങ്ങളുമായും വ്യാപാര ശൃംഘലകളുമായും ബന്ധം സ്ഥാപിക്കാനും വിദഗ്ധരില്‍ നിന്നുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിക്കാനും അവസരമുണ്ടാകും.

ഇന്ത്യയില്‍നിന്നുള്ള പ്രൊഫഷണലുകള്‍ക്കും ജര്‍മനയിലെ തൊഴില്‍ ദാതാക്കള്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ലാന്റസ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം.

ബിസിനസ് വിത്ത് ജര്‍മനി പരിപാടിയില്‍ പങ്കെടുക്കാനുള്ള ഈ അവസരം, ആഗോള തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ മികവിനുള്ള അംഗീകാരമാണെന്നും കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കി.

Latest News