Celebrities

ഗ്രില്ലിനടുത്ത് വന്ന് അയാൾ ഉമ്മ……….!! ട്രെയിൻ യാത്രക്കിടയിലെ ദുരനുഭവം വെളിപ്പെടുത്തി നടി മാളവിക | Malavika Mohanan

ലോക്കൽ ട്രെയിനിൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവേ ഒരാൾ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് മാളവികയുടെ വെളിപ്പെടുത്തൽ

നിരവധി സിനിമകളുടെ തിരക്കുകളിലാണ് നടി മാളവിക മോഹനൻ. നിരവധി സിനിമകളാണ് മാളവികയുടേതായി ഈ വർഷം ഒരുങ്ങുന്നത്. അതേസമയം ഇപ്പോഴിതാ മുംബൈയിൽ വച്ച് ഒരു ട്രെയിൻ യാത്ര ചെയ്തപ്പോഴുണ്ടായ ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് മാളവിക.

ലോക്കൽ ട്രെയിനിൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവേ ഒരാൾ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് മാളവികയുടെ വെളിപ്പെടുത്തൽ. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മാളവിക ഇക്കാര്യം തുറന്നു പറഞ്ഞത്.  “മുംബൈ സ്ത്രീകൾക്ക് സുരക്ഷിതമാണെന്ന് ആളുകൾ പലപ്പോഴും പറയാറുണ്ട്, എന്നാൽ ആ ധാരണ തെറ്റാണ്. ഇന്ന് എനിക്ക് സ്വന്തമായി ഒരു കാറും ഡ്രൈവറുമുണ്ട്. അതുകൊണ്ട് മുംബൈ സുരക്ഷിതമാണോ എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ, ഞാൻ ചിലപ്പോൾ അതെ എന്ന് പറഞ്ഞേക്കാം. പക്ഷേ, കോളജിൽ പഠിക്കുമ്പോഴും ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്തിരുന്നപ്പോഴും എനിക്ക് സുരക്ഷിതത്വം തോന്നിയിരുന്നില്ല.

പലപ്പോഴും ഭാ​ഗ്യം കൊണ്ടാണ് പലതിൽ നിന്നും രക്ഷപ്പെടുന്നത്. യാത്ര ചെയ്യുക എന്ന് പറയുന്നത് തന്നെ ഒരു റിസ്ക് ആയിരുന്നു”.- മാളവിക പറഞ്ഞു. “ഒരിക്കൽ ഞാനും എന്റെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കളും കൂടി ഒരു ലോക്കൽ ട്രെയിനിൽ തിരിച്ചു വരികയായിരുന്നു. രാത്രി 9.30 ആയി എന്ന് തോന്നുന്നു. ലോക്കൽ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കംപാർ‌ട്ട്മെന്റിലായിരുന്നു ഞങ്ങൾ.
അപ്പോൾ കംപാർട്ടുമെന്റിൽ ആരും ഉണ്ടായിരുന്നില്ല, ഞങ്ങൾ മൂന്നു പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിൻഡോ ​ഗ്രില്ലിനടുത്തായിരുന്നു ഞങ്ങൾ ഇരുന്നത്. ഒരാൾ ഞങ്ങൾ ഇരിക്കുന്നതിന് അടുത്തേക്ക് വന്നു. എന്നിട്ട് ആ ​ഗ്രില്ലിൽ മുഖം അമർത്തി നിന്ന് ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു. കുറച്ചു നേരത്തേക്ക് ഞങ്ങൾ മൂന്ന് പേരും മരവിച്ചിരുന്നു പോയി. അന്ന് ഞങ്ങൾക്ക് 19 – 20 വയസ് വരും.

ഇതിനോടൊക്കെ എങ്ങനെ പ്രതികരിക്കണമെന്ന് അന്ന് അറിയില്ലായിരുന്നു. എന്തെങ്കിലും പ്രതികരിച്ചാൽ അയാൾ അകത്തേക്ക് വരുമോ എന്ന പേടിയും ഉണ്ടായി. അടുത്ത സ്റ്റേഷൻ എത്താനാണെങ്കിൽ 10 മിനിറ്റും എടുക്കും. എല്ലാ പെൺകുട്ടികൾക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകും. ഒരു സ്ഥലവും പൂർണമായും സുരക്ഷിതമാണെന്ന് തോന്നുന്നില്ല.” മാളവിക പറഞ്ഞു.

content highlight: Malavika Mohanan