Kerala

ഷൈൻ ടോം ചാക്കോയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും

 

ലഹരി കേസിൽ അറസ്റ്റിലായ ഷൈൻ ഷൈൻ ടോം ചാക്കോയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും. രണ്ടുപേരുടെ ജാമ്യത്തിലാവും വിട്ടയക്കുക. മുടി ,നഖം എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചു. ഷൈൻ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചതായാണ് എഫ്ഐആർ. രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.