Food

ഇന്ന് ഈവെനിംഗ് സ്പെഷ്യൽ ഷവര്‍മ്മ ആയാലോ?

എന്നും ഒരുപോലെയുള്ള സ്നാക്ക് ഐറ്റംസ് അല്ലെ തയ്യാറാകാറുള്ളത്, ഇന്ന് അല്പം വ്യത്യസ്തമായി ഒരു ഐറ്റം ഉണ്ടാക്കിയാലോ? രുചികരമായ ഷവര്‍മ തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍

  • ഗോതമ്പ് മാവ് – ഒരു കപ്പ്
  • സവാള – 1
  • ചെറുപയര്‍ – അര കപ്പ്
  • വെളിച്ചെണ്ണ – ഒരു ടീസ്പൂണ്‍
  • ഉപ്പ്- ആവശ്യത്തിന്
  • ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – ഒരു ടീസ്പൂണ്‍
  • പച്ചമുളക് – 1
  • കുരുമുളകുപൊടി – അര ടീസ്പൂണ്‍
  • കറിവേപ്പില – 1 തണ്ട്
  • ആവശ്യത്തിന് ഉപ്പ്
  • ചീസ് – 1
  • മഞ്ഞള്‍പൊടി _ കാല്‍ ടീ സ്പൂണ്‍
  • മുട്ട -2
  • എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തയ്യാറാക്കാനായി ആദ്യം ചെറുപയര്‍ വെള്ളത്തില്‍ കുതിര്‍ത്തി വയ്ക്കണം. ശേഷം അത് കുക്കറിലിട്ട് പച്ചമുളക്, കുറച്ച് മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ വേവിച്ചെടുക്കുക.ഒരു പാത്രത്തില്‍ ഗോതമ്പ് മാവ്, ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂണ്‍ അളവില്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക. ഇത് കുറച്ചുനേരം മാറ്റിവയ്ക്കാം.

ഈ സമയത്ത് ഫില്ലിങ്സിനായി ഒരു പാന്‍ അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ച് എണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി, ചെറുതായി അരിഞ്ഞെടുത്ത സവാള, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. അതിലേക്ക് വേവിച്ച ചെറുപയര്‍ കൂടി ചേര്‍ക്കാം. ഇതൊന്നു മിക്‌സ് ആയി വരുമ്പോള്‍ രണ്ട് മുട്ട കൂടി ചെറുപയറിലേക്ക് പൊട്ടിച്ചൊഴിക്കാം. കുറച്ച് കുരുമുളകുപൊടി കൂടി സമയത്ത് മുട്ടയിലേക്ക് ചേര്‍ത്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും നല്ലതുപോലെ മിക്‌സ് ആയി പച്ചമണം പോയി കഴിയുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്യാം.

തയ്യാറാക്കി വെച്ച ഗോതമ്പ് മാവ് ചപ്പാത്തിക്ക് പരത്തുന്ന രീതിയില്‍ വട്ടത്തില്‍ പരത്തി അതിന്റെ നടുക്കായി ഉണ്ടാക്കിവെച്ച ഫില്ലിംഗ്‌സ് പരത്തി വച്ചു കൊടുക്കുക. മുകളിലായി ചീസ് കൂടി വിതറി കൊടുക്കാവുന്നതാണ്. ശേഷം മാവിന്റെ നടുഭാഗം മടക്കി നാലു ഭാഗവും കൈ ഉപയോഗിച്ച് പ്രസ്സ് ചെയ്യുക. പാന്‍ അടുപ്പത്തുവെച്ച് ചൂടായി വരുമ്പോള്‍ അതിലേക്ക് തയ്യാറാക്കി വെച്ച മാവ് ഇട്ട് രണ്ടുവശവും നല്ലതുപോലെ ചുട്ടെടുക്കുക. രുചികരമായ ഹെല്‍ത്തിയായ സ്‌നാക്ക്‌സ് തയ്യാര്‍.