കോട്ടയത്ത് വ്യവസായിയേയും ഭാര്യയേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരണം. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും തലയ്ക്ക് ആയുധം ഉപയോഗിച്ച് അടിച്ച നിലയിലാണ് മൃതദേഹം. മുൻപ് ഇവരുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയേയാണ് പൊലീസ് സംശയിക്കുന്നത്.
വീട്ടില്‍ മുന്‍പ് ജോലിക്കുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വീട്ടില്‍ മോഷണം നടത്തിയതായി ആരോപിച്ച് ഇയാളെ പുറത്താക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിന്റെ വൈരാഗ്യമാണോ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന സംശയത്തിലാണ് പൊലീസും പ്രദേശവാസികളും.
വിജയകുമാറിന്റെ മൃതദേഹം ഹാളിലും ഭാര്യയുടെ മൃതദേഹം ഒരു മുറിയിലുമാണ് കണ്ടെത്തിയിട്ടുള്ളത്. തലയ്ക്ക് ഗുരുതരമായി മുറിവേറ്റ നിലയിലാണ്. സമീപത്തു നിന്നും കോടാലി കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയം. രാവിലെ വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഇവര്‍ രണ്ടു പേരും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. രാവിലെ എട്ടരയോടെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. രക്തംവാര്‍ന്നനിലയിലായിരുന്നു രണ്ടുപേരുടെയും മൃതദേഹങ്ങള്‍.
വിദേശത്ത് ബിസിനസ് ചെയ്തുവരികയായിരുന്ന വിജയകുമാര്‍ പിന്നീട് നാട്ടിലേക്ക് താമസം മാറുകയായിരുന്നു. മകളും മകനും ഭാര്യയും ഉള്‍പ്പെടുന്നതായിരുന്നു വിജയകുമാറിന്റെ കുടുംബം. മകന്‍ അപകടത്തില്‍ മരിച്ചു. ഡോക്ടറായ മകള്‍ അമേരിക്കയിലാണ്. കോട്ടയത്തെ പ്രമുഖമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ കൂടിയാണ് വിജയകുമാര്‍.