World

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇസ്രയേല്‍, പിന്നാലെ പിന്‍വലിച്ചു

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സമൂഹമാധ്യമത്തിൽ കുറിപ്പിട്ട പോസ്റ്റ് പിൻവലിച്ച് ഇസ്രയേൽ. ‘ശാന്തമായി വിശ്രമിക്കൂ ഫ്രാൻസിസ് മാർപാപ്പ’. അദ്ദേഹത്തിന്റെ ഓർമ അനുഗ്രഹമായിത്തീരട്ടെ’ എന്നായിരുന്നു ഇസ്രയേൽ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചത്.

ജറുസലേമിലെ പശ്ചിമ മതിൽ സന്ദർശിച്ച മാർപാപ്പയുടെ ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ് പങ്കുവെച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഇസ്രയേൽ ഈ പോസ്റ്റ് പിൻവലിക്കുകായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്തിനാണ് അനുശോചന പോസ്റ്റ് പിൻവലിച്ചത് എന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ഇസ്രയേലിനെതിരെ ഫ്രാൻസിസ് മാർപാപ്പ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും പിഴവ് മൂലമാണ് അനുശോചനം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതെന്നുമാണ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തത്.

എന്നാൽ ഔദ്യോഗികമായി ഇതേ കുറിച്ച് പ്രതികരിക്കാൻ ഇസ്രയേൽ ഇതുവരെ തയാറായിട്ടില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മാർപാപ്പയുടെ നിര്യാണത്തിൽ ഇതുവരെ അനുശോചനം രേഖപ്പെടുത്തിയിട്ടില്ല.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമങ്ങളെ അപലപിച്ച് ഫ്രാൻസിസ്​ മാർപാപ്പ പലതവണ രംഗത്ത് വന്നിട്ടുണ്ട്.