കിഴക്ക് പശ്ചിമഘട്ടത്തിലെ പച്ചവിരിച്ച മലനിരകൾക്കും പടിഞ്ഞാറ് ശാന്തമായ അറബിക്കടലിനും ഇടയിൽ സഞ്ചാരികളെ കാത്ത് ഉഡുപ്പി. 100 കിലോമീറ്റർ നീളമുള്ള മനോഹരമായ തീരപ്രദേശത്താൽ അനുഗ്രഹീതം. വടക്കൻ കേരളവുമായി സാമ്യമുണ്ട് ഇവിടത്തെ സംസ്കാരത്തിന്. പഴയ ദക്ഷിണ കന്നഡയിൽ നിന്ന് വേർതിരിച്ചെടുത്ത ഈ മേഖല വിശാലമായ സാംസ്കാരിക പൈതൃകം ഉറങ്ങുന്ന മണ്ണാണ്.ഇവിടെ ഉയർന്നുവരുന്ന പ്രധാന ബീച്ചുകളിൽ ഒന്നാണ് മാൽപെ. ധാരാളം സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ഉയരം കൂടിയ തെങ്ങുകളാൽ ചുറ്റപ്പെട്ട, സെന്റ് മേരീസ് ദ്വീപും അയൽ ദ്വീപായ ബഹദുർഗഡും മാൽപെ ബീച്ചിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ഉഡുപ്പിയിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള കാപ്പു, ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച മനോഹരമായ ബീച്ചും ലൈറ്റ് ഹൗസും ഉള്ള മറ്റൊരു പ്രധാന ആകർഷണമാണ്.ധാരാളം ടൂറിസം കേന്ദ്രങ്ങളുണ്ട് ഇവ കൂടാതെ ഉഡുപ്പിയിൽ, മറവന്തേ കടൽത്തീരത്തുള്ള കടലാമ വളർത്തൽ കേന്ദ്രം വിനോദസഞ്ചാരികളെയും പ്രകൃതിസ്നേഹികളെയും ഒരുപോലെ ആകർഷിക്കുന്ന ഇടമാണ്. കൂടാതെ ഹെബ്രിക്കും സോമേശ്വരയ്ക്കും ഇടയിലുള്ള സീതാനദിയിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതവും സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ്. കൂടാതെ ഇവിടെ തന്നെയുള്ള അഗുംബെ ഘട്ടുകൾ കയറുകയാണെങ്കിൽ, സൂര്യാസ്തമയ ദൃശ്യം ഒരു വിസ്മയകരമായ അനുഭവം പ്രദാനം ചെയ്യുന്നത്. ഇനി നിങ്ങൾ ഉഡുപ്പിയിലേക്ക് പോവുകയാണെങ്കിൽ ഉറപ്പായും കാണാൻ ശ്രമിക്കേണ്ടത് അവിടുത്തെ പ്രധാന കലാരൂപമായ യക്ഷഗാനമാണ്. ഉഡുപ്പിയുടെ സാംസ്കാരിക പൈതൃകം അടുത്തറിയാൻ അതിലും മികച്ചൊരു മാർഗം വേറെയില്ലെന്ന് തന്നെ പറയാം.