ബിഹാറിലെ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. പട്ന ജില്ലയിലെ മൊകാമ സർക്കാർ സ്കൂളിൽ ചോറും ഉരുളക്കിഴങ്ങ് കറിയുമായിരുന്നു തയാറാക്കിയിരുന്നത്. ഉരുളക്കിഴങ്ങ് കറിയിലാണ് ചത്ത നിലയിൽ പാമ്പിനെ കിട്ടിയത്. പാമ്പ് വീണ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളായ 200 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കറിയിൽ പാമ്പ് വീണെങ്കിലും പാചകക്കാരൻ അതിനെ എടുത്തുമാറ്റിയ ശേഷം ഭക്ഷണം വിളമ്പുകയായിരുന്നു. ഒരു ഡസനോളം കുട്ടികൾ ഇത് കാണുകയും ഭക്ഷണം നൽകരുതെന്ന് പറയുകയും ചെയ്തിരുന്നുവെങ്കിലും സ്കൂൾ അധികൃതർ നിർബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു.
ഭക്ഷണം കഴിച്ച 500 കുട്ടികളിൽ 50ാളം പേരുടെ ആരോഗ്യ സ്ഥിതി ഉടൻ മോശമായി. ജനം തടിച്ചുകൂടിയതോടെ പൊലീസ് വന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ 150 കുട്ടികൾ കൂടി രോഗലക്ഷണം പ്രകടിപ്പിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമായിരുന്നെന്നും വളരെ നേരം കഴിഞ്ഞാണ് അപകട നില തരണം ചെയ്തെന്നും ഡോക്ടർ പറഞ്ഞു.
സംഭവത്തിൽ രക്ഷിതാക്കളും നാട്ടുകാരും ഒരു മണിക്കൂർ റോഡ് ഉപരോധിച്ചു. തുടർന്ന് അധികൃതരെത്തി നടപടി ഉറപ്പുനൽകിയ ശേഷമാണ് ജനം പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവം അന്വേഷിക്കുകയാണെന്ന് ബിഡിഒ പറഞ്ഞു. ബിഹാറിൽ ഇത്തരം സംഭവങ്ങൾ ആദ്യമല്ല. മുമ്പും ഇത് പോലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തുടർന്ന് ബിഹാറിലെ വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി എസ് സിദ്ധാർത്ഥ് ഉൾപ്പെടെയുള്ള മുതിർന്ന വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഇടയ്ക്കിടെ അപ്രതീക്ഷിത പരിശോധനകൾ നടത്തി വരുന്നതിനിടെയാണ് പുതിയ സംഭവം.