പുനഃരുപയോഗ ഊര്‍ജ്ജ പോര്‍ട്ട്ഫോളിയോ ശക്തമാക്കാനുറച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സോളാര്‍ പാനല്‍ നിര്‍മ്മാണത്തിലേയ്ക്ക് കടുക്കുന്നതിന്റെ ഭാഗമായി കമ്പനി ആദ്യ യൂണിറ്റ് ആരംഭിച്ചു. ബാറ്ററി സംഭരണ ഉല്പാദന സൗകര്യങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങളും ഇതോടൊപ്പം കമ്പനി ആരംഭിച്ചു. അംബവനിയുടെ മേഖലയിലേയ്ക്കുള്ള കടന്നുവരവ് സോളാര്‍ വിപണിയില്‍ ശക്തമായ മത്സരമായിരിക്കും സൃഷ്ടിക്കുക.
നിക്ഷേപകരോട് കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനിടെയാണ് റിലയന്‍സ് പുതിയ ചുവടുവയ്പ്പിനെ പറ്റി വിശദീകരിച്ചത്. 2035 ഓടെ നെറ്റ്- സീറോ കാര്‍ബണ്‍ എമിഷന്‍ ലക്ഷ്യം കൈവരിക്കാനുള്ള കമ്പനി നീക്കങ്ങളെ ശക്തിപ്പെടുത്തുന്നതാന് പുതിയ തീരുമാനം. 2021 ല്‍ പുനരുപയോഗ ഊര്‍ജ്ജം, സംഭരണം, ഹൈഡ്രജന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന 10 ബില്യണ്‍ ഡോളറിന്റെ പദ്ധതി റിലയന്‍സ് പ്രഖ്യാപിച്ചിരുന്നു.
ഓയില്‍, പെട്രോകെമിക്കല്‍സ്, ടെലികമ്മ്യൂണിക്കേഷന്‍സ്, റീട്ടെയില്‍ മേഖലകളില്‍ അതിശക്മായ ബ്രാന്‍ഡായി റിലയന്‍സ് മാറിക്കഴിഞ്ഞു. പോര്‍ട്ടഫോളിയോ ശക്തിപ്പെടുത്തുന്ന നടപടികളുമായി അംബാനി മുന്നോട്ടു പോകുകയും ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണ് ഇന്നു റിലയന്‍സ്. ഇക്കഴിെഞ്ഞ വെള്ളിയാഴ്ച നടന്ന കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024- 25) പ്രകടന വിലയിരുത്തലുകളിലാണ് സോളാര്‍ പിവി മൊഡ്യൂളുകളുടെ ആദ്യ നിര കമ്മീഷന് ചെയ്ത വിവരം റിലയന്‍സ് വ്യക്തമാക്കിയത്.
അദാനി ഗ്രൂപ്പ്, ടാറ്റ, വാരി എനര്‍ജി, വിക്രം സോളാര്‍ തുടങ്ങിയ വമ്പന്മാര് പയറ്റുന്ന സോളാര്‍ പിവി മൊഡ്യൂളുകള്‍ നിര്‍മ്മാണ രംഗത്തേയ്ക്കാണ് റിലയന്‍സ് എത്തുന്നത്. അംബാനിയുടെ വിലയുദ്ധമാണ് പൊതുജനം പ്രതീക്ഷിക്കുന്നത്. നിലവില്‍ സോളാര്‍ പാനലുകളുടെ വില പല സാധാരണക്കാര്‍ക്കും അല്പം ഉയര്‍ന്നതാണ്. എന്നാല്‍ അംബാനിയുടെ കടന്നുവരവ് വിലകള്‍ താഴെയെത്തിക്കുമെന്നു കരുതപ്പെടുന്നു.
റിലയന്‍സ് കൂടി സോളാര്‍ മൊഡ്യൂളുകള്‍ നിര്‍മ്മിക്കുന്നതോടെ ചൈനീസ് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കഴിയുമെന്നത് രാജ്യത്തെ സംബന്ധിച്ചും നേട്ടമാണ്. ഇറക്കുമതി കുറയ്ക്കുന്നതിനും, ആഭ്യന്തര ഉല്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനുമായി 2026 ജൂണ്‍ മുതല്‍ എല്ലാ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളിലും പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന സെല്ലുകള്‍ നിര്‍മ്മിക്കുന്ന സോളാര്‍ പിവി മൊഡ്യൂളുകള്‍ ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.